എഡിറ്റര്‍
എഡിറ്റര്‍
‘ഇന്ത്യക്കാര്‍ പറയുന്നു, ട്രൂഡോ നിങ്ങള് മുത്താണ്’; പൈജാമയും കുര്‍ത്തയും ധരിച്ച്,’ജയ് ഹിന്ദ്’ വിളിച്ച് ഇന്ത്യക്കാര്‍ക്കൊപ്പം സ്വാതന്ത്ര്യദിന പരേഡില്‍ കനേഡിയന്‍ പ്രസിഡന്റ്
എഡിറ്റര്‍
Monday 21st August 2017 8:53pm

ടൊറാന്‍ഡോ: നിലപാടുകൊണ്ട് ലോകത്തെ മുഴുവന്‍ തന്റെ ആരാധകരാക്കി മാറ്റിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും മനം കവരുകയാണ്. ഇത്തവണ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പൈജാമയും കുര്‍ത്തയും ധരിച്ചെത്തിയാണ് ട്രൂഡോ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. തീര്‍ന്നില്ല, ട്രൂഡോ തന്റെ പ്രസംഗം അവസാനിപ്പിച്ചതാകട്ടെ ജയ് ഹിന്ദ് വിളിച്ചു കൊണ്ടായിരുന്നു.

ആഗസ്റ്റ് 15ന് ശേഷമുള്ള ആദ്യ ഞായറാഴ്ച്ചയായിരുന്നു കാനഡയില്‍ ഇന്ത്യക്കാര്‍ സ്വന്തം നാടിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. രാജ്യത്തുടനീളം വിവിധ പരിപാടികള്‍ അരങ്ങേറിയിരുന്നെങ്കിലും ഏറ്റവും ശ്രദ്ധേയമായത് മോണ്‍ഡ്രിയാലില്‍ നടന്ന ഇന്ത്യ ഡേ യൂണിറ്റി പരേഡായിരുന്നു. കാരണം ട്രൂഡോയുടെ സാന്നിധ്യം തന്നെ.

അവെന്യൂ ഒഗില്‍വിയില്‍ നിന്നും ആരംഭിച്ച പരേഡ് പാര്‍ക്ക് ഹോവാര്‍ഡിലായിരുന്നു അവസാനിച്ചത്. ഇതിനിടെ കടന്നു പോയ പാപ്പിന്യൂ ട്രൂഡോയുടെ മണ്ഡലമായിരുന്നു. ഇവിടെ നിന്ന് ജയിച്ചാണ് അദ്ദേഹം ഹൗസ് ഓഫ് കോമണിലെത്തിയത്. തന്റെ മണ്ഡലത്തില്‍ നടക്കുന്ന പരേഡില്‍ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രൂഡോ പരേഡിനെത്തിയത്.

പരേഡിന്റെ അവസാന്ം ജയ് ഹിന്ദ് വിളിയോടെ ട്രൂഡോ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ നിര്‍ത്താത്ത കയ്യടികളോടെയായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രിയെ ഇന്ത്യന്‍ ജനത വരവേറ്റത്. പിന്നാലെ പരേഡില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ട്രൂഡോ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം എന്നും നിലനില്‍ക്കട്ടെയെന്നായിരുന്നു ട്രൂഡോയുടെ ട്വീറ്റ്. പരേഡിന്റെ സംഘാടകരായ ഐ.ഒ.സി നേതാവ് സുരീന്ദര്‍ കുമാറും പരേഡില്‍ പങ്കെടുത്തിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് അന്യനല്ല. ആ സാന്നിധ്യം വലിയ ഊര്‍ജ്ജമായിരുന്നു. ഒപ്പം ഞങ്ങള്‍ക്കിത് അഭിമാന നിമിഷവുമാണ്. എന്നാണ് സുരീന്ദര്‍ പറയുന്നത്.


Also Read:  ‘അതേ മോനേ, ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടാണ് ഇന്നിവിടെ വരെ എത്തിയത്’; തന്റെ പരിഹസിക്കാന്‍ ശ്രമിച്ച ആരാധകന് വായടപ്പിക്കുന്ന മറുപടി നല്‍കി മിതാലി രാജ്


90 മിനിറ്റ് പരേഡിനൊപ്പം സഞ്ചരിച്ച ട്രൂഡോ താന്‍ മുമ്പ് പലവട്ടം പരേഡിന്റെ ഭാഗമായിട്ടുണ്ടെന്നും എന്നാല്‍ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തേതായിരുന്നു ഇതെന്നും പറഞ്ഞു. ഫെഡറല്‍ എം.പിയായിരുന്ന കാലത്തും ട്രൂഡോ ഇന്ത്യന്‍ ജനതയ്‌ക്കൊപ്പം പരേഡിന്റെ ഭാഗമായിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വികാസ് സ്വരൂപും ട്രൂഡോയ്‌ക്കൊപ്പമുണ്ടായിരുന്നു.

Advertisement