എഡിറ്റര്‍
എഡിറ്റര്‍
ട്രക്ക് വിവാദം: നടരാജനെ പ്രതിരോധമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു
എഡിറ്റര്‍
Monday 11th June 2012 3:20pm

ന്യൂദല്‍ഹി: വിവാദമായ ടട്രാ ട്രക്ക് ഇടപാടിന്റെ പേരില്‍ പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത്‌സ് ആന്റ് മൂവേഴ്‌സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ വി.ആര്‍.എസ്. നടരാജനെ പ്രതിരോധമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. സി.ബി.ഐയുടെ ശുപാര്‍ശ പ്രകാരമാണ് പ്രതിരോധ വകുപ്പിന്റെ നടപടി.

ബി.ഇ.എം.എല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പി. ദ്വാരകാനാഥിനാണ് ചെയര്‍മാന്റെ ചുമതല നല്‍കിയിരിക്കുന്നത്. നീതിപൂര്‍വമായ അന്വേഷണത്തിന് വേണ്ടിയാണ് നടരാജനെ മാറ്റിനിര്‍ത്തുന്നതെന്ന് പ്രതിരോധമന്ത്രാലയം വക്താവ് സിതാംശു കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് സൈനിക മേധാവിയായിരുന്ന ജനറല്‍ വി.കെ. സിംഗ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ നടരാജന്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതികരിച്ചിരുന്നു. ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ജനറല്‍ സിംഗ് തയാറാകണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു നടരാജന്‍ വ്യക്തമാക്കിയിരുന്നത്.

സൈന്യത്തിലേക്ക് 600 ടട്രാ ട്രക്കുകള്‍ വാങ്ങാന്‍ വേണ്ടി 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നായിരുന്നു വി.കെ. സിംഗിന്റെ ആരോപണം. ബി.ഇ.എം.എല്‍ ആണ് ടട്രാ ട്രക്കുകള്‍ സൈന്യത്തിന് വിതരണം ചെയ്യുന്നത്. സ്ഥാപനത്തിനെതിരായ സിംഗിന്റെ ആരോപണങ്ങള്‍ നടരാജന്‍ നിഷേധിച്ചിരുന്നു.

അതേസമയം മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രസ്താവന നടത്താനുള്ള സാഹചര്യം വിശദീകരിക്കണമെന്ന് ഇദ്ദേഹത്തോട് പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement