തിരുവനന്തപുരം: കേരളത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി വിദേശരാജ്യങ്ങളിലുള്ള മാതൃക പിന്‍തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിദേശങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ട്രക്ക് മൗണ്ടഡ് എമര്‍ജന്‍സി ഇന്‍സിലറേഷന്‍ സംവിധാനം സംസ്ഥാനത്തും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രക്ക് മൗണ്ടഡ് എമര്‍ജന്‍സി ഇന്‍സിലറേഷന്റെ രണ്ട് യൂണിറ്റുകള്‍ വാങ്ങുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ സ്വിസ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു യൂണിറ്റിന് രണ്ടു മുതല്‍ മൂന്ന് കോടി രൂപ വരെ വിലവരും. മാലിന്യപ്രശ്‌നം രൂക്ഷമായിക്കൊണ്ടിരക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

നെല്ല് സംഭരണം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. 15 രൂപയ്ക്കായിരിക്കും നെല്ല് സംഭരിപ്പിക്കുക. ഇതിനായി കൂടുതല്‍ ജില്ലകളില്‍ സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കും.ഏതൊക്കെ ജില്ലകളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് നിര്‍ദേശിക്കാന്‍ കൃഷിമന്ത്രിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

സുകുമാര്‍ അഴീക്കോടിന്റെ തൃശൂരിലെ വസതി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് സ്മാരകമാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.  ഇതിന്റെ തുടര്‍നടപടികള്‍ ബന്ധുക്കളുമായി ആലോചിച്ച് തീരുമാനിക്കാന്‍ തൃശൂര്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച നടന്നതായി സമ്മതിച്ച മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമതീരുമാനം പിന്നീടുണ്ടാവുമെന്നും വ്യക്തമാക്കി. പെന്‍ഷന്‍ പ്രായം 56 വയസാക്കുന്നത് തൊഴില്‍രഹിതരായ യുവാക്കളെ ബാധിക്കും. അവരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു പാക്കേജുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്.  കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിരമിക്കല്‍ ഏകീകരണം വാസ്തവത്തില്‍ ഒരു വര്‍ഷം കൂടി അധികം നല്‍കിയതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയം ജില്ലയിലെ മൂലേടം, കുമാരനല്ലൂര്‍ റെയില്‍വേ മല്‍പ്പാലങ്ങള്‍ക്കും സ്ഥലം ഫാസ്റ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കും. ആശാവര്‍ക്കേഴ്‌സിന്റെ അലവന്‍ 300 രൂപയില്‍ നിന്നും 500 രൂപയായി വര്‍ധിപ്പിച്ചു. പഞ്ചായത്തുകളില്‍ ഭവന നിര്‍മാണത്തിന് നല്‍കുന്ന ധനസഹായം 75,000 രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയായി വര്‍ധിപ്പിച്ചു. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തില്‍ വേദി അനുവദിക്കണമെന്നും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.