ഗാന്ധിനഗര്‍: തലസ്ഥാനമായ അഹമ്മദാബാദിന് സമീപം ഉറങ്ങിക്കിടക്കുകയായിരുന്ന തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 20 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച്ച പുലര്‍ച്ചേ ധോല്‍ക്കയിലാണ് അപകടമുണ്ടായത്.

പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ബഹ്ദിയാദിലെ ദര്‍ഗയിലേക്ക് പുറപ്പെട്ട തീര്‍ത്ഥാടകര്‍ ധോല്‍കയില്‍ രാത്രി ഉറങ്ങുമ്പോഴായിരുന്നു നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞെത്തിയത്.

പതിനാറുപേര്‍ അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.