ഹൈദരാബാദ്: അര്‍ദ്ധസെഞ്ചുറി നേടിയ ജൊനാഥന്‍ ട്രോട്ട്( 98) , കെവിന്‍ പീറ്റേഴ്‌സണ്‍(64) , പട്ടേല്‍(70) എന്നിവരുടെ മികവില്‍ ഇന്ത്യക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍. നിശ്ചിത അമ്പത് ഓവറില്‍ ഇംഗ്ലണ്ട്  നാല് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു.

തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ബാറ്റിംഗ് തെരഞ്ഞെടുത്തു. കുക്ക് ഇത്തവണയും പരാജയമായമായപ്പോള്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജൊനാഥന്‍ ട്രോട്ടും കെവിന്‍ പീറ്റേഴ്‌സണും പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോറിലേക്കുള്ള അടിത്തറ പാകിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

116 പന്തില്‍ 8 ബൗണ്ടറികളുടെ സഹായത്തോടെ 98 റണ്‍സെടുത്ത ട്രോട്ട് പുറത്താവാതെ നിന്നപ്പോള്‍ റണ്‍സെടുത്ത് പീറ്റേഴ്‌സണെ ജഡേജ വിക്കറ്റിന് മുന്നില്‍ കുരുക്കി. പീറ്റേഴ്‌സണ്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ബൊപ്പാര 24 റണ്‍സെടുത്ത് മടങ്ങിയതിന് ശേഷം ക്രീസിലെത്തിയ പട്ടേല്‍ അവസാന പത്തോവറില്‍ പുറത്തെടുത്ത കൂറ്റനടികളാണ് ഇംഗ്ലണ്ട് സ്‌കോര്‍ മുന്നൂറിനടുത്തെത്തിച്ചത്.

പട്ടേല്‍ 43 പന്തില്‍ 7 ബൗണ്ടറികളുടെയും 2 കൂറ്റന്‍ സിക്‌സറുകളുടെയും സഹായത്തോടെ 70 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ അശ്വിനൊഴികെയുള്ളവരെല്ലാം അഞ്ച് റണ്‍സ് ശരാശരിക്ക്് മുകളില്‍ റണ്‍സ് വഴങ്ങി. പ്രവീണ്‍ കുമാറും വിനയ് കുമാറും ജഡേജയും കോഹ്‌ലിയും ഇംഗ്ലണ്ട് വിക്കറ്റുകള്‍ പങ്കിട്ടു.