തിരുവനന്തപുരം: ഇന്റലിജന്‍സ് ആസ്ഥാനത്തേക്കും ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്കുമുള്ള ടെലഫോണ്‍ലൈന്‍ അറത്തുമാറ്റിയസംഭവത്തില്‍ ഇന്റലിജന്‍സ് വകുപ്പ് അന്വേഷണമാരംഭിച്ചു. സംഭവത്തെക്കുറിച്ച് ടെലകോം വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേബിള്‍ മുറിച്ചുമാറ്റിയത് അട്ടിമറിയാണെന്ന് വ്യക്തമായിട്ടുണ്ട്.

വെള്ളയമ്പലം ബി എസ് എന്‍ എല്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് പുറത്തേക്ക് വരുന്ന കോപ്പര്‍ കേബിളുകളാണ് മുറിച്ചുമാറ്റിയത്. കേബിളുകള്‍ ഹാക്‌സോബ്ലേഡ് ഉപയോഗിച്ച് മുറിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച്ച മുതല്‍ പരാതികള്‍ വന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേബിള്‍ മുറിച്ചത് വ്യക്തമായത്.