തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ രണ്ടാമത് ട്രയല്‍ റണ്‍ നടന്നു. ഇന്നലെ വൈകീട്ട് മൂന്നിനു ചെന്നൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ ഐ.എക്‌സ് 605 വിമാനം പഴയ ടെര്‍മിനലില്‍ ലാന്റ് ചെയ്തു.

തുടര്‍ന്നു പുതിയ ടെര്‍മിനലിലെ ഏപ്രണും റണ്‍വേയുമായി ബന്ധിപ്പിക്കുന്ന ടാക്‌സി വേയിലൂടെയെത്തി മൂന്നാമത്തെ എയ്‌റോ ബ്രിഡ്ജുമായി ബന്ധിപ്പിച്ചു. ഇതിലൂടെ പുറത്തിറങ്ങിയ യാത്രക്കാരെ വിമാനത്താവള ഡയറക്ടര്‍ ജി ചന്ദ്രമൗലിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

യാത്രക്കാരുടെ ബാഗേജുകള്‍ കണ്‍വേയര്‍ ബെല്‍റ്റ് വഴി താഴെയെത്തിച്ചു. പുതിയ ടെര്‍മിനലിന്റെ അറൈവല്‍ ലോഞ്ചിലൂടെ യാത്രക്കാരെ പുറത്തെത്തിച്ചു. 186 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ 18ന് നടന്ന ആദ്യ ട്രയല്‍റണ്ണില്‍ പഴയ ടെര്‍മിനലില്‍ യാത്രക്കാരെ ഇറക്കിയശേഷം വിമാനത്താവളത്തിലെയും എയര്‍ ഇന്ത്യയിലെയും ജീവനക്കാരെ കയറ്റിയാണ് ട്രയല്‍ റണ്‍ നടത്തിയത്.