iffk

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അഞ്ചാം ദിവസം കഴിഞ്ഞതോടെ
മത്സരചിത്രങ്ങളുടെ ഒന്നാംഘട്ട പ്രദര്‍ശനം പൂര്‍ത്തിയായി. ലോകസിനിമാ വിഭാഗത്തിലുള്ള 80 ശതമാനം
സിനിമകളും പ്രദര്‍ശിപ്പിച്ചു. മത്സര വിഭാഗത്തില്‍ ഇന്നലെ രണ്ടാംവട്ടം പ്രദര്‍ശിപ്പിച്ച
ഫ്‌ളെമിംഗോയ്ക്കും ദി പെയിന്റിംഗ് ലെസണും നല്ല തിരക്കനുഭവപ്പെട്ടു.

മേളയില്‍ മത്സരവിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമായ ചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്നു നടക്കും.
പ്രേക്ഷകരുടെ മനസ്സമതം നേടിയ ചിത്രത്തിന്റെ സംവിധായകനു രണ്ടുലക്ഷം രൂപയുള്‍പ്പെടുന്ന രജത
ചകോര പുരസ്‌ക്കാരം നല്‍കും. വിവിധ സംസ്‌കാരങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച ചലച്ചിത്രമേളക്കു ശനിയാഴ്ച
കൊടിയിറങ്ങും.

മത്സരവിഭാഗത്തില്‍ പതിനൊന്നു ചിത്രങ്ങളാണു മത്സരിക്കാനുണ്ടായിരുന്നത്. എല്ലാ ചിത്രങ്ങളും
ആദ്യഘട്ടപ്രദര്‍ശനം പൂര്‍ത്തിയാക്കി. പ്രധാനവേദിയായ കൈരളി തിയേറ്ററില്‍ ഫ്‌ളെമിംഗോയും ദി
പെയിന്റിംഗ് ലെസണും പ്രദര്‍ശിപ്പിച്ചു. ശ്രീ പത്മനാഭയില്‍ ഇന്ത്യന്‍ ചിത്രമായ അറ്റ് ദി എന്‍ഡ്
ഓഫ് ഇറ്റ് ഓള്‍ കാണിച്ചു. കഴിഞ്ഞ രണ്ടുതവണ ഷെഡ്യൂള്‍ ചെയ്തശേഷം മാറ്റിവച്ച ചെങ്കടല്‍ ഇന്നലെ
നിറഞ്ഞ സദസില്‍ അജന്ത തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. നിരവധി വിവാദങ്ങള്‍ക്കു തിരികൊളുത്തിയ
സെങ്കടല്‍ തിരക്കു കാരണം നിലത്തിരുന്നാണു പ്രതിനിധികള്‍ കണ്ടത്.

സിനിമ എന്നത് ഒരു വ്യവസായമല്ലെന്നും അതിനാല്‍ ഈ മേഖലയില്‍ നിന്നു സമ്പാദിക്കുകയെന്നതു
പ്രയാസമുള്ള കാര്യമാണെന്നും ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ പങ്കെടുത്ത റൊമാനിയന്‍ ഡയറക്ടര്‍
അഡ്രിയാന്‍ സിതാരു പറഞ്ഞു.  ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന സംഭവം
ആഴത്തില്‍ പഠിച്ച് ലളിതമായി അവതരിപ്പിക്കുന്നവയാണ് റൊമാനിയന്‍ ചിത്രങ്ങള്‍. സാധാരണത്വമില്ലാത്ത
ഒരു കഥ വ്യത്യസ്തമായി അവതരിപ്പിക്കണമെങ്കില്‍ തിരശ്ശീലക്കു പിന്നില്‍ ധാരാളമായി
വിയര്‍പ്പൊഴുക്കണം.

റൊമാനിയക്കുള്ളില്‍ ചിത്രങ്ങള്‍ക്കു വേണ്ട പ്രചാരണം ലഭിക്കാറില്ല. എന്നാല്‍ പുറത്തും ലോകത്തിന്റെ മറ്റു
ഭാഗങ്ങളില്‍ നിന്നും നല്ല പ്രതികരണം തങ്ങളുടെ ചിത്രങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. ചിത്രം
മനസിലാക്കുന്നതില്‍ ഭാഷ ഒരു പ്രശ്‌നമല്ല.  ഭാഷ എന്നതു സംഗീതം പോലെയാണ്. അഭിനേതാവ്
നന്നായി അഭിനയിക്കുകയാണെങ്കില്‍ അവിടെ ഭാഷ പ്രശ്‌നമാകില്ല. ഫിലിം ക്രിട്ടിക്കും
സംവിധായികയുമായ റാഡ സിസിക്കും ചടങ്ങില്‍ പങ്കെടുത്തു.

ഫുട്‌ബോള്‍ കച്ചവടമെന്നതിനെക്കാളുപരി വിനോദമായി കണക്കാക്കണമെന്ന് പ്രശസ്ത ഫുട്‌ബോള്‍
ചരിത്രകാരനും ഗെയിംസ് കോഓര്‍ഡിനേറ്ററുമായ ജാന്‍ ടില്‍മാന്‍ പറഞ്ഞു. എല്ലാ ജനവിഭാഗത്തെയും
ത്രസിപ്പിക്കുന്ന ഫുട്‌ബോള്‍ തന്റെ ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനാറാമത്
രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയ കിക്കിംഗ് ആന്റ് സ്‌ക്രീനിംഗ് വിഭാഗത്തിന്റെ
പശ്ചാത്തലത്തില്‍ നടന്ന  ഈസ് ഫുട്‌ബോള്‍ ഒണ്‍ലി എ ഗെയിം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശനിയാഴ്ചയാണ് മേള സമാപിക്കുന്നത്. സുവര്‍ണ്ണ ചകോരം ലഭിക്കുന്ന ചിത്രത്തിന്റെ സംവിധായകനും
നിര്‍മ്മാതാവിനും 15 ലക്ഷം രൂപയും ഫലകവും ലഭിക്കും. രജതചകോരം ലഭിക്കുന്ന മികച്ച
സംവിധായകനു നാലു ലക്ഷം രൂപയും ഫലകവും സമ്മാനമായി കിട്ടും. മികച്ച നവാഗത
സംവിധായകനു രജതചകോരവും ഫലകവും മൂന്നു ലക്ഷം രൂപയാണു സമ്മാനമായി ലഭിക്കുന്നത്.
മത്സരവിഭാഗത്തില്‍ നിന്നു പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനു 2 ലക്ഷം രൂപയും
മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനും മലയാളത്തിലെ മികച്ച ചിത്രത്തിനും ഫിപ്രസി അവാര്‍ഡും
നല്‍കും.

മത്സരവിഭാഗത്തിലുള്ള മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനും നെറ്റ്പാക് അവാര്‍ഡ്
നല്‍കും. മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനു മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡ്
ലഭിക്കും. 50,000 രൂപയാണു സമ്മാനത്തുക.

സിനിമ എന്റെ രാജ്യമാണ്: ഹമീദ് റാസ

‘സിനിമ എന്റെ രാജ്യമാണ്, ഞാന്‍ അതിലാണ് ജീവിക്കുന്നത്’ ഇറാനിയന്‍ സംവിധായകന്‍ ഹമീദ് റാസ ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞു. അറബ് സിനിമയായിരുന്നു ഓപ്പണ്‍ ഫോറത്തിലെ ചര്‍്ച്ചാവഷയം. കലാപരമായ അനുരഞ്ജനങ്ങള്‍ക്ക് തയ്യാറായാല്‍ മാത്രമേ ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ സിനിമാ നിര്‍മ്മാണം സാധ്യമാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹോളിവുഡ് സിനിമകള്‍ ഞങ്ങളെ സ്വാധീനിക്കാറില്ല’. മേളയില്‍ പങ്കെടുക്കുന്ന അറബ് മേഖലയില്‍ നിന്നുള്ള മറ്റൊരു സംവിധായകന്‍ എലിസ ബക്കര്‍ (ടുണീഷ്യ) തുറന്നടിച്ചു. ‘ഞങ്ങളുടെ സിനിമാ പാഠപുസ്തകങ്ങള്‍ ഇന്ത്യന്‍ സിനിമകളും ഇറാനിയന്‍ ചിത്രങ്ങളുമാണ്’. യുറോപ്യന്‍ അഭിരുചികള്‍ക്ക് വഴങ്ങുന്നവയല്ല എന്റെ ചിത്രങ്ങള്‍ , എന്നാല്‍ ഏഷ്യന്‍ പശ്ചാത്തലമുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ എന്റെ ചിത്രങ്ങള്‍ക്ക് ധാരാളം പ്രേക്ഷകരുണ്ടെന്നാണ് എന്റെ അനുഭവം, ഷാജി എന്‍ കരുണ്‍ പറഞ്ഞു.

ഓപ്പണ്‍ ഫോറത്തില്‍ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. വി ആര്‍ ഗോപിനാഥന്റെ തിരക്കഥ ‘ഉണ്ണിക്കുട്ടന് ജോലി കിട്ടി’ അടൂര്‍ ഗോപാലകൃഷ്ണന്‍ ഷാജി എന്‍ കരുണിനും എന്‍ പി സുകുമാരന്‍ നായര്‍ക്കും നല്‍കി പ്രകാശനം ചെയ്തു. സുധീഷ് എഴുതിയ ‘ ആന്റണിക്വീന്‍ ‘ ഷാജി എന്‍ കരുണ്‍ ടി എ റസാക്കിന് നല്‍കി പ്രകാശനം ചെയ്തു. എന്‍ പി മനോജിന്റെ ‘ലോകപ്രശസ്ത സംവിധായകര്‍’ എന്ന പുസ്തകം ഷാജി എന്‍ കരുണ്‍ വി ആര്‍ ഗോപിനാഥിന് നല്‍കി പ്രകാശനം ചെയ്തു.