തിരുവനന്തപ്പുരം: കൂടംകുളം ആണവനിലയം തിരുവനന്തപ്പുരത്തിനും ഭീഷണിയാകുമെന്ന് മുന്നറിയിപ്പ്. എന്തെങ്കിലും കാരണത്താല്‍ ആണവനിലയത്തില്‍ അപകടം ഉണ്ടായാല്‍ അത് തിരുവനന്തപ്പുരത്തെയും ബാധിക്കുമെന്ന് വിശാഖപ്പട്ടണത്തെ ജി.ഐ.ടി.എ.എം യൂണിവേഴ്‌സിറ്റിയിലെ പാരിസ്ഥിതിക വിഭാഗം മേധാവിയായ ടി.ശിവജി റാവു വ്യക്തമാക്കുന്നു.

ആണവ ദുരന്തമുണ്ടായാല്‍ മേഖലയില്‍ നിന്നുള്ള കാറ്റില്‍ ആണവ വികിരണം തിരുവനന്തപ്പുരം ജില്ലയെയും ബാധിക്കും. റേഡിയേഷന്‍ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കും. അപകടം നടന്നാല്‍ രണ്ടു ദിവസത്തിനകം ആളുകളെ മുഴുവന്‍ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിതാമസിപ്പിക്കേണ്ടി വരും-ശിവജി റാവു പറയുന്നു.

പത്തു വര്‍ഷം കഴിഞ്ഞേ ഒഴിഞ്ഞു പോയവര്‍ക്ക് സ്വന്തം ഇടങ്ങളിലേക്ക് തിരിച്ചു വരാന്‍ സാധിക്കൂ. ഇന്ത്യയില്‍ ഇപ്പോഴുള്ള സ്ഥിതി അനുസരിച്ച് അപകടമുണ്ടായാല്‍ അതിനെ നേരിടാനുള്ള സൗകര്യങ്ങളോ സാഹചര്യങ്ങളോ ഇല്ല. അതുകൊണ്ടുതന്നെ അപകടമുണ്ടായാല്‍ തിരുവനന്തപുരത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ തീരാദുരിതത്തിലേക്കായിരിക്കും എത്തിപ്പെടുക.

തമിഴ്‌നാട്ടിലെ തീരപ്രദേശമായ കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നത് അവിടത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. അടുത്തിടെ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ ദുരന്തങ്ങള്‍ അവരുടെ ഭീതിക്ക് ആക്കം കൂട്ടി. ഇന്ത്യന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര നിരീക്ഷകരും കൂടംകുളം നിലയത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഉണ്ടായിട്ടും ആണവദുരന്തത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ജപ്പാന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ജനജീവിതത്തിന് ഭീഷണി നിലനിര്‍ത്തിക്കൊണ്ട് ഇവിടെയൊരു ആണവനിലയം വേണ്ടെന്നാണ് അവിടുത്തെ സമരക്കാരുടെ ആവശ്യം.

ആണവനിലയത്തിലുള്‍പ്പെട്ട ആദ്യ രണ്ട് ന്യൂക്ലിയര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനം ഈ മാസം ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്ത്യയിലെ ഏറ്റവും വലിയ ആണവോര്‍ജ്ജ കേന്ദ്രമാക്കി കൂടംകുളത്തെ മാറ്റാനാണ് ഇതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.