തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ടി-20 കാര്യവട്ടത്ത് തകര്‍ക്കുകയാണ്. രണ്ട് ടി-20 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് സമനിലയിലാണ്.

ഫൈനലിന്റെ പ്രതീതിയാണ് കാര്യവട്ടത്തെ മത്സരത്തില്‍. ഏറെ കാലത്തിനുശേഷമാണ് അനന്തപുരിയിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് വിരുന്നെത്തുന്നത്. കാര്യവട്ടം അന്താരാഷ്ട്ര മത്സരത്തിന് തെരഞ്ഞെടുത്തത് മുതല്‍ ആരാധകരും ആവേശത്തിലാണ്.


Also Read: ‘നിങ്ങള്‍ക്ക് വിരാടിന്റെ സ്റ്റാന്‍ഡേര്‍ഡ് എന്താണെന്നറിയുമോ?’; ബാബര്‍ അസമിനെ കോഹ്‌ലിയുമായി താരതമ്യം ചെയ്ത പാനലിസ്റ്റിന്റെ വായടപ്പിച്ച് പാക് അവതാരക, വീഡിയോ


എന്നാല്‍ ആവേശത്തിനിടയിലും ആരാധകര്‍ ഉള്ളിലെ വിഷമം പുറത്തുകാണിക്കാതിരുന്നില്ല. ഇത്രയും വര്‍ഷത്തെ ഇടവേളക്കുശേഷം ക്രിക്കറ്റ് വിരുന്നെത്തിയെങ്കിലും ഇതിഹാസ താരങ്ങള്‍ എല്ലാം ഒരുമിച്ച് കളിക്കാനിറങ്ങിയപ്പോള്‍ ഒരു മത്സരം പോലും കാര്യവട്ടത്ത് നടന്നില്ലല്ലോ എന്നാണ് പലരുടെയും വിഷമം.

ഇന്ന് കാര്യവട്ടത്ത കളി കാണാനെത്തിയ ഒരു കുഞ്ഞ് ആരാധകന്‍ തന്റെ സങ്കടം ഒരു കടലാസില്‍ എഴുതി കാണിച്ച ചിത്രം ബി.സി.സി.ഐ അവരുടെ വെബ്‌സൈറ്റില്‍ പങ്കു വെക്കുകയും ചെയ്തു.

‘എന്തുകൊണ്ടാണ് 29 വര്‍ഷത്തിനുശേഷം..? ഇത്രയും വലിയ ഇടവേള ഞങ്ങള്‍ക്ക് നിരവധി ഇതിഹാസങ്ങളെ നഷ്ടമാക്കി’ എന്നാണ് ചിത്രത്തിലുള്ള കൊച്ചു ആരാധകന്റെ കൈയിലെ ബാനറില്‍ എഴുതിയിരിക്കുന്നത്. ബാനറില്‍ സച്ചിന്റെ ചിത്രവും ഉണ്ട്.


Also Read: നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തലസ്ഥാനത്തെ എ.ടി.എമ്മില്‍ നിന്ന് കള്ളനോട്ട്


നേരത്തെ താരങ്ങള്‍ മഴ മാറിയ ശേഷം ഗ്രൗണ്ടിലേക്കിറങ്ങിയപ്പോള്‍ ആരാധകര്‍ നിറഞ്ഞ കൈയടിയോടെയാണ് എതിരേറ്റത്. താരങ്ങളെ നേരില്‍ക്കണ്ടതോടെ ചിത്രം പകര്‍ത്തുന്ന തിരക്കിലായിരുന്നു കാണികള്‍.

അതേസമയം ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ടോവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു. മഴമൂലം പുനര്‍നിശ്ചയിച്ച മത്സരം എട്ടോവറാക്കി ചുരുക്കിയിരുന്നു.