തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസുകള്‍ പരിഗണിക്കാന്‍ പുതിയ സി.ബി.ഐ കോടതി ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. എറണാകുളത്തെ സി.ബി.ഐ കോടതി പരിഗണിച്ചിരുന്ന 14 സുപ്രധാന കേസുകളാണു തുടര്‍ന്നുള്ള പരിഗണനയ്ക്കായി തലസ്ഥാനത്തെ പുതിയ സിബിഐ കോടതിയില്‍ എത്തിയിരിക്കുന്നത്.

കോടതി ആദ്യം പരിഗണിക്കുന്നത് കിളിരൂര്‍ പീഡനക്കേസ് ആണ്. പീഡനവും പ്രസവത്തെ തുടര്‍ന്നുള്ള ശാരിയുടെ ദുരൂഹ മരണവും ഉള്‍പ്പെട്ടതാണ് കിളിരൂര്‍ പീഡനക്കേസ്. രണ്ടാമതു പരിഗണിക്കുന്നതാകട്ടെ കവിയൂര്‍ പീഡനക്കേസും. കവിയൂരില്‍ അനഘയെ പീഡനത്തിനു വിധേയയാക്കിയതിനെത്തുടര്‍ന്നു പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യ ചെയ്ത കേസാണിത്.

പുതിയ കോടതിയിലേക്ക് കൈമാറിയിരിക്കുന്ന കേസുകളില്‍ നാലെണ്ണം ക്രിമിനല്‍ കേസുകളാണ്. സിസ്റ്റര്‍ അഭയയുടെ മരണം, മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധം, ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിന്റെ ഉരുട്ടിക്കൊല തുടങ്ങിയവയാണ് ഇവിടെ പരിഗണിക്കുന്ന ക്രിമിനല്‍ കേസുകള്‍. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ എസ്എന്‍സി ലാവ്‌ലിന്‍ കേസുള്‍പ്പടെ ഇവിടെയാകും ഇനി പരിഗണിക്കുക.