എഡിറ്റര്‍
എഡിറ്റര്‍
രോഗികളെ മൃതദേഹങ്ങള്‍ക്കൊപ്പം കിടത്തിയ സംഭവം: കേസെടുക്കുമെന്ന് മന്ത്രി
എഡിറ്റര്‍
Sunday 11th November 2012 10:07am

തിരുവനന്തപുരം: സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ രോഗികളെ മൃതദേഹങ്ങള്‍ക്കൊപ്പം കിടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വി..എസ് ശിവകുമാര്‍. ആശുപത്രിയില്‍ എത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി. ഒരാഴ്ചയ്ക്കകം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുമെന്നും രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

Ads By Google

കൂടാതെ വാര്‍ഡിനുള്ളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറ സ്ഥാപിക്കുമെന്നും ഓരോ ആഴ്ചയിലും വാര്‍ഡിന്റെ ശുചിത്വം അടക്കമുള്ള സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്ന് തത്കാലത്തേയ്ക്ക് പ്രതിഷേധം നിര്‍ത്തിവയ്ക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. കഴിഞ്ഞദിവസം ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡില്‍ രോഗികള്‍ക്കൊപ്പം മണിക്കൂറുകളോളം മൃതദേഹങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ താമസമുണ്ടായതാണ് പ്രതിഷേധത്തിന് കാരണം. ഇതേസമയം, ഒന്‍പതാം വാര്‍ഡിലെ ശോച്യാവസ്ഥയും രോഗികളുടെ കഷ്ടപ്പാടുകളും ഭീകരമാണ്. ഈ സാഹചര്യത്തിലാണ് രാവിലെ തന്നെ മന്ത്രി ആശുപത്രിയില്‍ എത്തിയത്. ജനറല്‍ ആശുപത്രിയിലെ രോഗികളുടെ ദുരവസ്ഥ കണക്കിലെടുത്ത് നഴ്‌സുമാരുള്‍പ്പടെ 29 പുതിയ ജീവനക്കാരെ ഉടന്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി എ.ഐ.വൈ.എഫ് ഒന്‍പതാം വാര്‍ഡിലേക്കുള്ള റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. രോഗികള്‍ക്കോപ്പം ശവശരീരം കിടത്തിയ സംഭവം ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. ഡി.വൈ.എഫ്.ഐയും പ്രതിഷേധ പ്രകടനം നടത്തി. ഉപരോധം നടത്തിയ പ്രവര്‍ത്തകരെ പോലീസ് എത്തി ആറസ്റ്റ്‌ചെയ്ത് നീക്കി.

ആരോഗ്യമന്ത്രി ഗോ ബാക്ക്, ഒന്‍പതാം വാര്‍ഡ് നരകമാണ് തുടങ്ങിയ മുദ്രവാക്യങ്ങള്‍ വിളിച്ചായിരുന്നു എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ ഉപരോധം

Advertisement