തൃശൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് തൃശൂരില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇതോടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഹൈക്കോടതി മീഡിയേഷന്‍ സെല്‍ നഴ്‌സുമാരുടെ നേതാക്കളെയും മാനേജ്‌മെന്റ് പ്രതിനിധികളേയും ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

Ads By Google

സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ബുധനാഴ്ച രാത്രിയും ജില്ലാ കളക്ടറും നഴ്‌സുമാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. അതേസമയം, നഴ്‌സുമാരുടെ സമരം അനാവശ്യമാണെന്നും ഇവര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.

എന്നാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ലെന്ന നിലപാടിലാണ് നഴ്‌സുമാര്‍. ഇതിനെ തുടര്‍ന്നാണ് വിഷയം മീഡിയേഷന്‍ സെല്ലിന് വിടാന്‍ തീരുമാനിച്ചത്.

ഓള്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷനും നഴ്‌സുമാരുടെ സമരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നഴ്‌സുമാരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ പല ആശുപത്രികളും പുതുതായി രോഗികളെ എടുക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്.

അതേസമയം, ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളില്‍ നഴ്‌സുമാരുടെ സേവനം ഇപ്പോഴും ലഭ്യമാകുന്നുണ്ട്.

മദര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ പ്രശ്‌നത്തിന് പരിഹാരം കാണുക, മിനിമം വേതനം നിശ്ചയിക്കുക ബാലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്.

ശമ്പളവര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുന്ന 15 പേരെ പിരിച്ചുവിടുകയും ഇതില്‍ മാനേജ്‌മെന്റ് യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാലസമരം നടത്താന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്.

സമരത്തിലാണെങ്കിലും അത്യാവശ്യഘട്ടത്തില്‍ ഔചിത്യപൂര്‍വ്വം ഇടപെടുമെന്നും പെരുമാറുമെന്നും അത്യാഹിത വിഭാഗത്തില്‍ ജോലിയ്ക്ക് ഹാജരാകുമെന്നും നഴ്‌സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ മദര്‍ ആശുപത്രിയില്‍ ഒരു നഴ്‌സിന്റെ ഡ്യൂട്ടി സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് സമരം തുടങ്ങിയത്. കഴിഞ്ഞ സെപ്തംബര്‍ 5 മുതലാണ് മദര്‍ ആശുപത്രിയില്‍ സമരം തുടങ്ങിയത്.

മാനേജ്‌മെന്റിന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി മറ്റ് ആശുപത്രികളിലെ നഴ്‌സുമാര്‍ രംഗത്തെത്തിയത്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്.