തൃശൂര്‍: ട്രെയിനിലെ വനിതാ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതിനിടെ മാനഭംഗ ശ്രമത്തിനിരയായ യുവതിക്ക് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി ഗുരുതരമായ പരിക്ക്. എറണാകുളംഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.
ഷൊര്‍ണൂരിനടുത്ത് ചെറുതുരുത്തി വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവമുണ്ടായത്.

ട്രെയിനില്‍ നിന്ന് ഒരാള്‍ ചാടിയതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുറച്ചകലെയായി ട്രാക്കിനരികില്‍ യുവതിയെ കണ്ടെത്തിയത്.

കമ്പാര്‍ട്ടുമെന്റില്‍ കയറിയ ഒരാള്‍ മാനഭംഗശ്രമം നടത്തുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കി.
എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷൊര്‍ണൂര്‍ സ്വദേശിയായ യുവതി വിവാഹനിശ്ചയത്തിനായി നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഇവരിപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.