കോഴിക്കോട്: തൃശൂരില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ആരംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു.

സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ അനുഭവിക്കുന്ന ചൂഷണങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ പോസ്റ്റാണ് ചര്‍ച്ചയാവുന്നത്.

ഏറ്രവും കുറഞ്ഞ ശമ്പളത്തില്‍ വിശ്രമമില്ലാത്ത ജോലി, കടുത്ത സാമ്പത്തിക പരാധീനത എന്നിവ ഭൂരിപക്ഷം നഴ്‌സുമാരെയും അലട്ടുന്നുണ്ട്. 300ഉം 400ഉം രൂപയാണ് ലഭിക്കുന്ന ദിവസ വേതനം. ദൈനംദിന ചിലവ് വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ഈ വേതനം ഒരു കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒട്ടും പര്യാപ്തമല്ല എന്ന കാര്യവും മുഖ്യമന്ത്രി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സിങ് സമൂഹം അടക്കമുള്ള ആശുപത്രി ജീവനക്കാരുടെ ശമ്പളം കാലാനുസൃതമായി വര്‍ധിപ്പിക്കുക, ത്രീ ഷിഫ്റ്റ് സമ്പ്രദായം ആശുപത്രികളില്‍ പരിപൂര്‍ണമായും നടപ്പിലാക്കുക, വിദ്യാഭ്യാസ ലോണ്‍ തിരിച്ചടക്കാന്‍ മൊറോട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതനമായ ഇരുപതിനായിരം രൂപ ശമ്പളം നല്‍കുകയോ അയ്യായിരം രൂപ ഇടക്കാല ആശ്വാസമായി വര്‍ധിപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തൃശൂരില്‍ സമരം ആരംഭിച്ചിരിക്കുന്നത്.

നഴ്‌സുമാരുടെ ആവശ്യം ന്യായമാണെന്ന് നേരത്തെ തന്നെ അഭിപ്രായപ്പെട്ട മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ നഴ്‌സുമാര്‍ക്ക് അനുകൂലമായ നിലപാടെടുക്കാനുള്ള ബാധ്യതയുണ്ട്. അതിനുള്ള നടപടിക്രമങ്ങള്‍ മുഖ്യമന്ത്രി സ്വീകരിക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.