എഡിറ്റര്‍
എഡിറ്റര്‍
തൃശ്ശൂരില്‍ വീട്ടമ്മയെ കൊന്ന സംഘം കോഴിക്കോട്ട് പിടിയില്‍
എഡിറ്റര്‍
Saturday 16th June 2012 8:45am

കോഴിക്കോട് : തൃശ്ശൂരില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കയറി വീട്ടമ്മയെ കൊന്ന സംഘം കോഴിക്കോട്ട് പിടിയിലായി. പുലര്‍ച്ചെ കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. വയനാട് പനമരം സ്വദേശികളായ ഷിന്‍ജു, ലിജോ എന്നിവരാണ് പിടിയിലായത്.

തൃശ്ശൂര്‍ ചുങ്കം-അരുണാട്ടുകര റോഡില്‍ ഗോകുലം വീട്ടില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീലയെയാണ് (52) സംഘം കൊന്നത്. ഒപ്പമുണ്ടായിരുന്ന ഊമയായ സഹോദരി ഉഷയെ കെട്ടിയിട്ടതിന് ശേഷം ഷീലയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നീട് ആഭരണങ്ങളും കാറുമായി സ്ഥലം വിട്ട പ്രതികള്‍ കോഴിക്കോട്ടേക്ക് കടക്കുകയായിരുന്നു.

ഉഷ സ്വയം കെട്ടഴിച്ച് അയല്‍വീട്ടിലെത്തി ആംഗ്യത്തിലൂടെ കാര്യമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കണ്ടശ്ശാംകടവിലെ സ്വന്തം വീട്ടില്‍ നിന്ന് രണ്ടുദിവസം മുമ്പാണ് ഷീല സഹോദരിയുടെ വീട്ടിലെത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന വേലക്കാരിയെ സംഭവത്തിന് ശേഷം കാണാതായത് സംശയം ജനിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പ്രതികളെ കോഴിക്കോട് വെച്ച് പിടികൂടിയത്.

ഷീലയുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണനും മൂത്ത മകള്‍ ലിന്‍സിയും അബൂദാബിയിലാണ്. ഇളയമകള്‍ അശ്വതി കോയമ്പത്തൂരില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയാണ്.

സംഭവത്തില്‍ ഇവരെക്കൂടാതെ രണ്ടുപേര്‍കൂടിയുണ്ടെന്നാണ് പോലീസ് അനുമാനം.

Advertisement