കൊച്ചി : തൃശൂരിലെ ബി.ജെ.പി-സി.പി.ഐ.എം സഹകരണം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഇതുവരെ സി.പി.ഐ.എമ്മിന് വോട്ട് ചെയ്യേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതിനായി തങ്ങള്‍ക്കു സ്ഥാനാര്‍ഥിയില്ലാത്ത ഇടങ്ങളില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ മടിക്കില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സംസ്ഥാന കമ്മിറ്റിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നുമായിരുന്നു തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.

തൃശൂരില്‍ 55 ഡിവിഷനുകളുള്ള കോര്‍പറേഷനില്‍ 40 എണ്ണത്തിലാണു ബി.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ഇത്തരം പ്രാദേശിക തീരുമാനങ്ങളുണ്ടാവുമെന്നും അതു പരസ്യമായി പ്രഖ്യാപിക്കുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു.

അതേസമയം സി.പി.ഐ.എമ്മുമായി ബി.ജെ.പി നേതാക്കള്‍ തിരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ചു ചര്‍ച്ച നടത്തിയെന്ന ആരോപണം സി.പി.ഐ.എം ജില്ലാ സെക്രട്ടറി ബേബിജോണ്‍ നിഷേധിച്ചിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന കാര്യങ്ങള്‍ ബേബിജോണ്‍ അറിയുന്നില്ലെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ നിഷേധക്കുറിപ്പെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.