തെലുങ്ക് ചിത്രം ‘ടീന്‍ മാര്‍’ പൂര്‍ത്തിയായ ശേഷം തൃഷ ലീവെടുക്കുകയാണ്. കുറച്ചുകാലത്തേക്ക്. സിനിമയില്‍ നിന്നും സ്റ്റേജ് പരിപാടികളില്‍ നിന്നും എല്ലാം വിട്ടുനിന്ന് തന്റെ ഇഷ്ടതാരങ്ങളായ മൃഗങ്ങള്‍ക്കുവേണ്ടി കുറച്ചുസമയം ചിലവഴിക്കാനാണ് നടിയുടെ തീരുമാനം. തൃഷ തനിച്ചല്ല യാത്രപോകുന്നത്. കൂടെ സന്തത സഹചാരികളുമുണ്ടാവും. കോസ്റ്റിയൂം ഡിസൈനര്‍ സബിന ഖാന്‍, ഹേമ എന്നിവരുള്‍പ്പെടുന്ന സുഹൃത് സംഘവുമായി  രന്‍താംപൂരിലേക്കൊരു യാത്ര.

മൃഗങ്ങളില്‍ കടുവയാണ് നടിയുടെ ഫേവറിറ്റ്. അതുകൊണ്ടുതന്നെ കടുവയെയും കടുവജീവിക്കുന്ന പരിസരങ്ങളെയും വിശദമായി മനസിലാക്കുക എന്നതാണ് നടിയുടെ യാത്രയുടെ ലക്ഷ്യം. രന്‍താംപൂരിനുള്ളിലെ ലക്ഷ്വറി ടെന്റില്‍ തങ്ങുന്ന തൃഷ കടുവയുടെ വീടും കുടുംബവുമെല്ലാം വിശദമായി ദര്‍ശിക്കും.

അതിനിടയില്‍ ബോഡീഗാഡിന്റെ തെലുങ്ക് റീമേക്കിനുവേണ്ടിയും താരം ഡേറ്റ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 14ന് ഹൈദരാബാദിലാണ് ചിത്രീകരണം നടക്കുക. കുറച്ചുകാലത്തെ വനവാസത്തിനുശേഷം തൃഷ നേരെ ബോഡീഗാഡിലേക്കു പോകും.