എഡിറ്റര്‍
എഡിറ്റര്‍
‘ഹിന്ദു മുസ്‌ലിം പ്രശ്‌നം ആഭ്യന്തര യുദ്ധത്തിലൂടെയല്ലാതെ പരിഹരിക്കാനാവില്ല’; ശ്യാമ പ്രസാദ് മുഖര്‍ജിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ത്രിപുര ഗവര്‍ണര്‍: പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Tuesday 20th June 2017 1:20pm

അഗര്‍ത്തല: ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മിലുള്ള പ്രശ്‌നം ആഭ്യന്തര യുദ്ധത്തിലൂടെയല്ലാതെ പരിഹരിക്കാനാവില്ലയെന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ത്രിപുര ഗവര്‍ണര്‍ ടാതാഗതാ റോയിയുടെ ട്വീറ്റ്. വര്‍ഗീയ സംഘര്‍ഷത്തിനുള്ള ആഹ്വാനമാണെന്ന് ആരോപിച്ച് ട്വിറ്ററില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

1946 ജനുവരി 10ന് ശ്യാമ പ്രസാദ് മുഖര്‍ജി അദ്ദേഹത്തിന്റെ ഡയറിയില്‍ കുറിച്ച വാക്കുകളാണ് ജൂണ്‍ 18ന് അദ്ദേഹത്തെ ഉദ്ധരിച്ച് റായി ട്വീറ്റു ചെയ്തത്. ട്വീറ്റ് വന്നതിനു പിന്നാലെ ത്രിപുര ഗവര്‍ണര്‍ വര്‍ഗീയ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും അദ്ദേഹത്തെ പുറത്താക്കി അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.


Also Read:ഓടി തുടങ്ങിയതേ ഉള്ളൂ, അപ്പോഴേക്കും ‘പണി മുടക്കി’ തുടങ്ങി; ജോലി വാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ഭിന്നലിംഗക്കാര്‍ 


പ്രതിഷേധം ശക്തമായതോടെ 19 മണിക്കൂറിനുശേഷം അദ്ദേഹം വിശദീകരണവുമായി ട്വിറ്ററില്‍ രംഗത്തുവന്നു. ‘ഞാന്‍ ആഭ്യന്തര യുദ്ധത്തിനുവേണ്ടി പ്രചരണം നടത്തിയതായി ചില മൂഢന്മാര്‍ ട്രോളുന്നുണ്ട്. ഞാന്‍ ഉദ്ധരിക്കുകയാണ് ചെയ്തത് അല്ലാതെ പ്രചരിപ്പിക്കുകയല്ലയെന്നത് ആരും ശ്രദ്ധിക്കുന്നില്ല.’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

റോയിയുടെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ നേരത്തെയും വിവാദമായിരുന്നു. 2015 ആഗസ്റ്റില്‍ യാക്കൂബ് മേമന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആളുകളെ ‘തീവ്രവാദികള്‍’ എന്നും ‘നിരീക്ഷണത്തില്‍ നിര്‍ത്തേണ്ടവരെന്നും വിശേഷിപ്പിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

സെപ്റ്റംബറില്‍ അദ്ദേഹം ഒരു ട്വീറ്റിനു മറുപടിയായി കുറിച്ചത് ‘ ഞാന്‍ മതേതരനാണെന്ന ധാരണ എവിടെ നിന്നാണ് നിങ്ങള്‍ക്ക് കിട്ടിയത്? 1976 മുതല്‍ ഇന്ത്യ എന്ന എന്റെ രാജ്യം മതേതര രാഷ്ട്രമാണെങ്കിലും ഞാനൊരു ഹിന്ദുവാണ്.’ എന്നായിരുന്നു.

അന്ന് അദ്ദേഹം ട്വിറ്ററില്‍ ഗവര്‍ണര്‍ എന്നതിനൊപ്പം ‘അഭിമാനിയായ സ്വയം സേവക് എന്നും എഴുതിയിരുന്നു. ഇന്ന് സിവില്‍ എഞ്ചിനിയര്‍, സ്വയം സേവക്, പ്രഫസര്‍, പൊളിറ്റീഷ്യന്‍, എഴുത്തുകാരന്‍, ഹിന്ദു. ഇപ്പോളള്‍ ത്രിപുര ഗവര്‍ണര്‍’ എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്.

Advertisement