അഗര്‍ത്തല: ദല്‍ഹിയില്‍ ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉത്തരവിനെതിരെ വിമര്‍ശനവുമായി ത്രിപുര ഗവര്‍ണര്‍ തഥാഗഥ റോയ്.

‘ആദ്യം ദഹി ഹന്ദി നിരോധിച്ചു, ഇന്ന് പടക്കങ്ങളും നാളെ ഈ ‘അവാര്‍ഡ് വാപ്‌സി’ക്കാരും മെഴുകുതിരി പ്രതിഷേധക്കാരും വായു മലിനീകരണത്തിന്റെ പേരില്‍ ഹിന്ദുക്കളുടെ ശവസംസ്‌ക്കാര ചടങ്ങുകളും വേണ്ടെന്ന് പറയുമോ’

ഒരു ഹിന്ദുവെന്ന നിലയില്‍ സുപ്രീംകോടതിവിധിയില്‍ അതൃപ്തിയുണ്ടെന്നും റോയ് പറഞ്ഞു. തീവ്രനിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന തഥാഗഥ റോയ് ഈയിടെ റോഹിങ്ക്യ അഭയാര്‍ത്ഥികളെ മാലിന്യങ്ങളെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.

സുപ്രീംകോടതി ഉത്തരവിനെതിരെ എഴുത്തുകാരന്‍ ചേതന്‍ ഭഗതും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദീപാവലിക്ക് പടക്കം ഒഴിവാക്കാന്‍ വാദിക്കുന്നവര്‍ ചോര ചിന്തുന്ന മറ്റ് ആചാരങ്ങള്‍ ഒഴിവാക്കാനും ഇതേ ആവേശം കാണിക്കണം. ഹിന്ദു ആചാരങ്ങള്‍ക്ക് മാത്രം ഇത്തരത്തില്‍ നിരോധനമേര്‍പ്പെടുത്തുന്നത് എന്തുകൊണ്ടാണ്. ക്രിസ്മസിന് ക്രിസ്മസ് ട്രീയും ബക്രീദിന് ആടുകളെയും നിരോധിക്കുന്നതു പോലെയാണിതെന്നും ചേതന്‍ ഭഗത് പറഞ്ഞിരുന്നു.