Administrator
Administrator
തൃപ്രയാര്‍ സംഭവം: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു
Administrator
Wednesday 26th October 2011 8:01pm

B.R.P. Bhaskar, ബി.ആര്‍.പി ഭാസ്‌ക്കര്‍തൃശൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് വേട്ടയാടുന്ന ഷൈനയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയെ സാംസ്‌കാരിക, മനുഷ്യാവകാശ രംഗത്തെ പ്രമുഖര്‍ അപലപിച്ചു. രാഷ്ടീയ ആശയങ്ങളുടെ പേരില്‍ അവരുടെ അമ്മയെയും മക്കളെയും സാമൂഹികമായി ഒറ്റപ്പെടുത്തുന്ന ഭരണകൂട നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ടും ഷൈനയുടെ മക്കള്‍ക്കും വൃദ്ധമാതാവിനും പിന്തുണ അറിയിക്കുന്നതിനായി എത്തിച്ചേര്‍ന്ന മനുഷ്യാവകാശ രാഷ്ടീയ സാമൂഹിക സ്ത്രീപക്ഷ പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്ത പോലീസിന്റെ നടപടി അപലപനീയമാണെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഒക്ടോബര്‍ 14 ന് സംഭവത്തെ കുറിച്ച് വസ്തുതാന്വേഷണം നടത്തുന്നതിനായി എത്തിയ ഗ്രോവാസു ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യം തൊണ്ട തൊടാതെ വിഴുങ്ങികൊള്ളണമെന്നും അതിന്റെ സത്യാവസ്ഥ അന്വേഷിക്കരുതെന്നുമുള്ള സന്ദേശമാണ് സര്‍ക്കാര്‍ ഇതിലൂടെ നല്‍കുന്നത്.

പോലീസ് പീഡനങ്ങള്‍ കൊണ്ട് ഒറ്റപ്പെട്ടുപോയ കുടുംബത്തെ കാണാന്‍ പോലും അനുവദിക്കില്ലെന്നുപറയുന്ന ഫാസിസ്റ്റ് സമീപനം ജനാധ്യപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. ഷൈനയുടെ കുടുബത്തെ സാമൂഹികമായി ഒറ്റപ്പെടുത്തുന്ന ഭരണകൂടത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും ഇത്തരം നടപടിയില്‍ നിന്നും പിന്തിരിയണമെന്നും ഷൈനയുടെ മാതാവ് നബീസയ്ക്കും മക്കളായ ആമി, സവേര എന്നിവര്‍ക്കും സാമൂഹ്യ ജീവിതം നയിക്കാനുള്ള മൗലിക അവകാശം ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബി.ആര്‍.പി ഭാസ്‌ക്കര്‍, കെ.ജി ശങ്കരപ്പിള്ള, ഗ്രോവാസു, കെ അജിത, കെ വേണു, സിവിക് ചന്ദ്രന്‍, സി.ആര്‍ നിലകണഠന്‍, പി സുരേന്ദ്രന്‍, കെ കെ കൊച്ച് (കേരള ദലിത് മഹാസഭ), ഡോ. പി ഗീത,ഡോ. ജെ ദേവിക, റഫീക് അഹമ്മദ്, അഡ്വ. പി.എ പൗരന്‍, പി.എന്‍ ഗോപീകൃഷണന്‍, സെലീന പ്രക്കാനം, മുഹമ്മദ് വേളം ( സോളിഡാരിറ്റി), സണ്ണി എം കപിക്കാട്( നവജനാധിപത്യ പ്രസ്ഥാനം), അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി, സോണിയ ജോര്‍ജ്ജ് എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

Advertisement