വുജിയാങ്: ഇന്ത്യയുടെ മലയാളി താരം മയൂഖ ജോണിക്ക് റെക്കോര്‍ഡ്. ഏഷ്യന്‍ അത്‌ല്റ്റിക് ഗ്രാന്‍ഡ് പ്രീ ട്രിപ്പിള്‍ ജമ്പില്‍ 14 മീറ്റര്‍ ചാടിയാണ് താരം പുതിയ റെക്കോര്‍ഡിട്ടത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മയൂഖ.

തന്റെ മികച്ച നേട്ടം സ്വന്തമാക്കിയ മയൂഖ ജോണി മല്‍സരത്തില്‍ വെങ്കലം സ്വന്തമാക്കി. 14.16 മീറ്റര്‍ ചാടിയ ചൈനയുടെ സീ ലിമി ഒന്നാമതും 14.05 മീറ്റര്‍ ചാടിയ ലീ യാന്‍മി രണ്ടാമതുമെത്തി. കേരളത്തിന്റെ തന്നെ എം.എ പ്രജുഷയുടെ 13.72 എന്ന റെക്കോര്‍ഡാണ് മയൂഖ തിരുത്തിക്കുറിച്ചത്.

കഴിഞ്ഞവര്‍ഷം മയൂഖയ്ക്ക് ട്രാക്കില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനായിരുന്നില്ല. ഗ്രാന്‍ഡ് പ്രീയിലെ തന്റെ ആദ്യചാട്ടത്തില്‍ തന്നെ മയൂഖ ദേശീയ റെക്കോര്‍ഡ് മറികടന്നിരുന്നു. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ സീമാ ആന്റില്‍ വെങ്കലം നേടിയിരുന്നു.