എഡിറ്റര്‍
എഡിറ്റര്‍
മമതയുടെ അവിശ്വാസപ്രമേയം സ്പീക്കര്‍ തള്ളി
എഡിറ്റര്‍
Thursday 22nd November 2012 1:18pm

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്റെ നോട്ടീസ് തള്ളി. പ്രമേയം അവതരിപ്പിക്കുന്നതിന് ആവശ്യമായ എം.പിമാരുടെ പിന്തുണ ലഭിക്കാത്തതിനാലാണ് സ്പീക്കര്‍ നോട്ടീസ് തള്ളിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എം.പി സുദീപ് ഗംഗോപാദ്യയാണ് അവിശ്വാസപ്രമേയ നോട്ടീസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയത്തിന് 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. തൃണമൂലിന് 19 അംഗങ്ങളാണുള്ളത്. അവിശ്വാസപ്രമേയത്തെ മറ്റ് കക്ഷികളും പിന്തുണയ്ക്കുമെന്നായിരുന്നു തൃണമൂലിന്റെ വിശ്വാസം.

Ads By Google

പ്രതിപക്ഷ പാര്‍ട്ടികളായ ബി.ജെ.പിയും സി.പി.ഐ.എമ്മും പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാരിനെതിരെ ആദ്യമായാണ് അവിശ്വാസപ്രമേയം വരുന്നത്.

അന്തരിച്ച മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് രാവിലെ ഇരുസഭകളും തുടങ്ങിയത്. കഴിഞ്ഞ ദിവസം അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെക്കും പാര്‍ലമെന്റ് ആദരാഞ്ജലി അര്‍പ്പിച്ചു.

തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികളിലേക്ക് കടന്നതോടെ ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ബഹളം തുടങ്ങി. തുടര്‍ന്ന് ഇരുസഭകളും 12 വരെ നിര്‍ത്തിവെച്ചു.  സര്‍ക്കാരിനെ പുറത്തു നിന്നും പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും ബഹളവുമായി സഭയുടെ നടുത്തളത്തിലിറങ്ങി.

വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാക്ക് പാലിക്കാതെ മുന്നോട്ട് പോവുകയാണെന്നും സുഷമ ആരോപിച്ചു.

ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപ വിഷയത്തിലാണ് യു.പി.എയുടെ പ്രമുഖ സഖ്യകക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതേതുടര്‍ന്ന് പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്നും കോണ്‍ഗ്രസ് മന്ത്രിമാരും രാജിവെച്ചു.

Advertisement