ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്.

മന്ത്രിമാരെ പിന്‍വലിച്ച് പുറത്ത് നിന്ന് പിന്തുണക്കാനാണ് തൃണമൂല്‍ തീരുമാനം എന്നറിയുന്നു. ചൊവ്വാഴ്ച്ച ചേരുന്ന പാര്‍ട്ടിയോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

Ads By Google

തൃണമൂലിന്റെ ആറ് മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയില്‍ ഉള്ളത്. ഇന്ധന വിലവര്‍ധനവ്, ചില്ലറമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, എന്നിവയില്‍ പ്രതിഷേധിച്ചാണ് തൃണമൂലിന്റെ നടപടി. തീരുമാനം പിന്‍വലിക്കാന്‍ നേരത്തേ തൃണമൂല്‍ 72 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു.

ചില്ലറവ്യാപാരത്തില്‍ 51 ശതമാനം വിദേശ നിക്ഷേപം, വ്യോമയാനമേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും അഞ്ച് പൊതുമേഖലാസ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനമാണ് മമതയെ ചൊടിപ്പിച്ചത്.

തൃണമൂലിന് പുറമേ, യു.പി.എ സര്‍ക്കാറിന് പുറത്ത് നിന്ന് പിന്തുണക്കുന്ന ബി.എസ്.പിയും പിന്തുണ പിന്‍വലിക്കുമെന്നാണ് അറിയുന്നത്. പിന്തുണ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വിദേശ കമ്പനികള്‍ വരണമെന്ന് ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളെ മറ്റുള്ളവര്‍ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

അതേസമയം, മമതയുമായി ചര്‍ച്ച നടത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഹമ്മദ് പട്ടേല്‍ തൃണമൂല്‍ നോതാവ് മുകുള്‍ റോയിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്തുണ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം മമതയുടേതാണെന്നാണ് മുകുള്‍ റോയി അറിയിച്ചിരിക്കുന്നത്.