Categories

എന്നെ വിപ്ലവകാരിയാക്കിയത് ഉസ്താദ് അമീര്‍ഖാന്‍

‘മാവോവാദി’ എം പി കബീര്‍ സുമന്‍ സംസാരിക്കുന്നു

മാവോവാദികളെ തുടച്ച് നീക്കാനായി അന്തിമ ആക്രമണത്തിനൊരുങ്ങുന്ന (ഓപറേഷന്‍ ഗ്രീന്‍ഹണ്ട്) യു പി എ സര്‍ക്കാറിന്റെ ഘടകക്ഷിയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്. എന്നാല്‍ ഓപറേഷന്‍ ഗ്രീന്‍ഹണ്ടിനെ എതിര്‍ക്കുന്ന, മാവോവാദികളോട് സഹാനുഭൂതിയുള്ള കബീര്‍ സുമന്‍ എന്ന സുമന്‍ ചതോബാദ്യ തൃണമൂല്‍ ടിക്കറ്റില്‍ ലേക്‌സഭയിലേക്ക് എം പി ആയി എത്തിയത് അവിചാരിതമായിട്ടായിരുന്നു. ഒരിക്കലും ഒരു മുഴുനീള രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിരുന്നില്ല സുമന്‍ .

ജീവിതത്തിലുടനീളം സംഗീതത്തോടൊപ്പം സഞ്ചരിച്ച ഇദ്ദേഹം ഗായകന്‍ , ഗാനരചയിതാവ്, സംഗീതസംവിധായകന്‍ , അഭിനേതാവ്, മാധ്യമപ്രവര്‍ത്തകന്‍ , സാഹിത്യകാരന്‍ , സാമൂഹ്യപ്രവര്‍ത്തകന്‍ , രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

വിവാദങ്ങളുടെ സഹയാത്രികനായ സുമന്റെ ഏറ്റവും പുതിയ സി ഡി ചത്രദരര്‍ ഗാന്‍ വിപണിയിലെത്തിക്കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ഗാനങ്ങളിലെല്ലാം തന്നെ ബംഗാളിലെ മാവോവാദികളോടുള്ള സ്‌നേഹം സ്പഷ്ടമായിരുന്നു. കേന്ദ്രം മാവോവാദികള്‍ക്കെതിരേ നടത്തുന്ന ഓപറേഷന്‍ ഗ്രീന്‍ഹണ്ടിനെ എതിര്‍ക്കുന്നതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുള്ള ഇദ്ദേഹവും പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയുമായി നിരന്തരം അഭിപ്രായതര്‍ക്കങ്ങളുണ്ടാവാറുമുണ്ട്.

മാവോവാദികളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരേ പാര്‍ലമെന്റിന് പുറത്ത് സമരം സംഘടിപ്പിക്കുമെന്ന് ഇദ്ദേഹം അടുത്തയിടെ പ്രഖ്യാപിച്ചിരുന്നു. മാവോവാദി സ്വാധീനമേഖലകളിലെ ആദിവാസികളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണ് കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളെന്ന് പറയുന്ന ആദ്യത്തെ എം പി യാണ് ഇദ്ദേഹം എന്നത് ശ്രദ്ദേയമാണ്. മാവോവാദികളുമായുള്ള സന്ധിസംഭാഷണങ്ങള്‍ക്ക് അരുന്ധതി റോയിയോടൊപ്പം ഇദ്ദേഹത്തിന്റെ പേരും നേതാവ് കോട്ടേശ്വര്‍ വി റാവു കിഷന്‍ജി നിര്‍ദ്ദേശിച്ചിരുന്നു. കബീര്‍ സുമനിലെ രാഷ്ടീയക്കാരനെ മാറ്റിനിര്‍ത്തി സംഗീതജ്ഞനെ കൂടുതല്‍ അറിയാനായി റെഡിഫ് ഡോട്ട് കോം പ്രതിനിധി ഇന്ദ്രാണി റോയ് മിത്ര നടത്തിയ അഭിമുഖസംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍

ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു, എന്താണ് ഇതിന് പിന്നിലെ രഹസ്യം?

ഇതിന് പിന്നല്‍ രഹസ്യങ്ങള്‍ ഒന്നുമില്ല… സര്‍ഗാത്മക രചനകള്‍ നടത്തുന്ന ആളുകള്‍ക്ക് അപകര്‍ഷതാബോധം കൂടുതലായിരിക്കുമെന്ന് സിഗ്മണ്ട് ഫ്രോയിഡിന്റെ ശിഷ്യനും പ്രശസ്ത മനശാസ്ത്രഞ്‌നുമായ ആല്‍ഫ്രണ്ട് ആഡ്‌ലര്‍ പറഞ്ഞിട്ടുണ്ട്. ഈ അപകര്‍ഷതാ ബോധം എന്നിലുള്ളതിനാല്‍ ആയിരിക്കാം ഒരുപാട് മേഖലകളില്‍ ഞാന്‍ എത്തിപ്പെട്ടത്.

സത്യത്തില്‍ ജീവിതത്തിലുടനീളം ഞാന്‍ അസ്വസ്ഥനാണ്. ഒരു കാര്യത്തിലും സ്ഥിരതയില്ല. സുഹൃത്തുക്കളും സംഗീതവും ഒഴികെ. സമാധാനം കണ്ടെത്താനായി ഞാന്‍ ജോലികള്‍ മാറികൊണ്ടേയിരിക്കും. സംഗീതം, എഴുത്ത്, പത്രപ്രവര്‍ത്തനം അങ്ങനെ ഒരുപാട് വഴികളിലൂടെ ഞാന്‍ എന്നെ അവതരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. എന്നാല്‍ രാഷ്ട്രീയം ഒരിക്കലും എന്റെ കപ്പിലെ ചായ ആയിരുന്നില്ല.


എന്തായിരുന്നു ഒരു ഗായകനാവാന്‍ പ്രേരിപ്പിച്ചത്?

സംഗീതം എന്നിലേക്ക് സ്വാഭാവികമായി എത്തിയതായിരുന്നു. അച്ഛനും അമ്മയും ഗായകരും സംഗീത സംവിധായകരുമായിരുന്നു. രണ്ടുപേരും മരിച്ചു. വീട്ടിലെ അന്തരീക്ഷത്തില്‍ എപ്പോഴും സംഗീതമുണ്ടായിരുന്നു. എട്ടുവയസ്സു വരെ എന്നെ ആരും സംഗീതം പഠിപ്പിച്ചിരുന്നില്ല. പിന്നീട് അച്ഛന്‍ എന്നെ ബംഗാളി പാട്ടുകള്‍ പഠിപ്പിച്ചു. അച്ഛനും അമ്മക്കും സംഗീതത്തോട് തുറന്ന സമീപനമായിരുന്നു. മുഹമ്മദ് റഫിയുടെ ഗൊയ ഗൊയ ചാന്ദ് അമ്മ പാചകത്തിനിടെ പാടുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. ഒരു ഗാനം നല്ലതാണെന്നോ മറ്റൊന്ന് ചീത്തയാണെന്നോ എന്നോട് ആരും ഒരിക്കലും പറഞ്ഞിട്ടില്ല. 12-ാം വയസ്സില്‍ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ പഠിക്കാന്‍ കലിപധാ ദാസിന്റെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തില്‍ നിന്ന് ഒരു പാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു.

പിന്നീടാണ് ഉസ്താദ് അമീര്‍ ഖാന്‍ ശിഷ്യനാവുന്നത്. ഉസ്താദ്ജീക്ക് ഞാന്‍ അദ്ദേഹത്തോടൊപ്പം മുംബൈയില്‍ താമസിക്കണമായിരുന്നു. എന്നാല്‍ അച്ഛന്‍ അതിന് സമ്മതിച്ചിരുന്നില്ല. അദ്ദേഹം ഗായകനായിരുന്നെങ്കിലും എന്നെ ഒരു ഗായകനാക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഞാന്‍ ഗ്രാജ്വേഷന്‍ ചെയ്ത് സ്ഥിരതയുള്ള ജോലി നേടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. 17-ാം വയസ്സില്‍ കൊല്‍ക്കത്തയില്‍ വച്ച് ഞാന്‍ഉസ്താദ് അമീര്‍ ഖാന്റെ ഒരു കോണ്‍സേര്‍ട്ട് കേള്‍ക്കാനിടയായി. അത് എന്‍െ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചു. റാഡിക്കലായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അത്.

ഉസ്താദ് അമീര്‍ഖാന്റെ ഖായല്‍ താങ്കളെ റാഡിക്കലാക്കിയെന്നോ? എങ്ങനെ?

(ചിരിക്കുന്നു) അതെ. ചെഗുവേരയേയും മാവോ സേ തൂങ്ങിനെയും വായിച്ചിട്ടാണ് ആളുകള്‍ സാധരണ റാഡിക്കലാവാറുള്ളത്. എന്നാല്‍ എന്നെ സംബന്ധിച്ച് ഉസ്താദ് ജീ യുടെ ഖായലുകളുടെ സ്റ്റൈല്‍, അവതരിപ്പിക്കുന്ന രീതി എല്ലാം ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഉസ്താദ് ജീയുടെ ഗാനങ്ങള്‍ രാഷ്ട്രീയമായുള്ള എന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയെടുക്കാനും സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തെ കേള്‍ക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ ചോദ്യം ചെയ്ത് തുടങ്ങാറുണ്ട്. അദ്ദേഹമാണ് തന്നിലേക്ക് തന്നെ നോക്കാനും ഉത്തരം കണ്ടെത്താനും എന്നെ പഠിപ്പിച്ചത്.

താങ്കള്‍ സംസാരിക്കുന്നത് 1970 കളെപ്പറ്റിയാണ് അല്ലേ? ബംഗളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ പെട്ടെന്ന് മാറിയില്ലേ?

പ്രശ്‌നങ്ങള്‍ ആകെ ഇളകി മറിഞ്ഞ സമയമായിരുന്നു അത്. ബംഗാളിന് മേല്‍ കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്ന പിടി അയയുകയും ഇടതു പാര്‍ട്ടികള്‍ പിടി മുറുക്കുകയും ചെയ്ത കാലമായിരുന്നു. കൂടാതെ നക്‌സലൈറ്റ് നീക്കങ്ങളും നടക്കുന്നുണ്ടായിരുന്നു.


ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് താങ്കള്‍ നക്‌സലൈറ്റ് ആണെന്നാണ്.

വിചിത്രമായിരിക്കുന്നു. ശരിയാണ്, പക്ഷേ രാഷ്ട്രീയമായി എനിക്ക് ഒരു ചായ്‌വുമില്ല. സത്യത്തില്‍ എനിക്ക് അതിനൊന്നും സമയം ഉണ്ടായിരുന്നില്ല. ദിവസവും 6,7 മണിക്കൂര്‍ സംഗീതത്തിന് വേണ്ടി മാറ്റിവച്ചിരിക്കയാണ്. എനിക്ക് സംഗീതത്തോട് ഒരുപാട് പ്രണയമുണ്ടായിരുന്നു. അക്കാലത്താണ് എന്റെ വിവാഹമോചനം നടക്കുന്നത്. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് എനിക്ക് ഒന്നിനും സമയമുണ്ടായിരുന്നില്ലെന്ന്. എന്നിരുന്നാലും രാഷ്ട്രീയം കലര്‍ന്ന മനസ്സായിരുന്നു എന്റേത്.

1970-ന്റെ മധ്യത്തില്‍ താങ്കള്‍ ആലാപനം നിര്‍ത്തി, എന്തായിരുന്നു കാരണം?

ഞാന്‍ പാടുന്നത് എന്നെ തൃപ്തിപ്പെടുത്തുന്നില്ലെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ സ്വയം പാട്ടുകള്‍ എഴുതാന്‍ തീരുമാനിച്ചത്. പക്ഷേ ഒത്തിരി തവണ പരാജയപ്പെട്ടു. ഇതിനിടെ നിസ്സാരമായ ഒരു തെറ്റിദ്ധാരണയുടെ പേരില്‍ എനിക്ക് ഇന്ത്യ വിടേണ്ടി വന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം 1975-ല്‍ ഞാന്‍ ഇന്ത്യ വിടാന്‍ നിര്‍ബന്ധിതനായി.

വോയ്‌സ് ഓഫ് ജര്‍മ്മനിയിലും വോയ്‌സ് ഓഫ് അമേരിക്കയിലും ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചതിന്റെ അനുഭവം?

ആ സമയത്ത് വോയ്‌സ് ഓഫ് ജര്‍മ്മനി അവരുടെ ബംഗാളി സര്‍വീസ് തുടങ്ങിയിരുന്നു. ജര്‍മ്മനിയിലെത്തിയതോടെ ഞാന്‍ ഭാഷ പഠിച്ചു, പെട്ടെന്ന് തന്നെ അവരുടെ ബംഗാളി ഡിവിഷനില്‍ എനിക്ക് ജോലി ലഭിച്ചു. അങ്ങനെ ഞാന്‍ റേഡിയോ ജേര്‍ണലിസ്റ്റ് ആയി മാറി. ജര്‍മ്മനിയില്‍ നിന്ന് അമേരിക്കയിലേക്ക് പോവുകയും അവിടെ വോയ്‌സ് ഓഫ് അമേരിക്കയില്‍ ജോലി നോക്കുകയും ചെയ്തു.

പിന്നീട് ഞാന്‍ ബംഗാളിയില്‍ പാട്ടുകള്‍ എഴുതുകയും എന്റെ തന്നെ പാട്ടുകള്‍ പാടാനും തുടങ്ങിയിരുന്നു. തുടര്‍ന്ന് 37-ാം വയസ്സില്‍ ഒരു ഇറ്റാലിയന്‍ ഗുരുവിന്റെ കീഴില്‍ ഗിറ്റാര്‍ അഭ്യസിച്ചു. അത് എന്നില്‍ ഒത്തിരി മാറ്റങ്ങള്‍ വരുത്തി. അപ്പോഴേക്കും എല്ലാം നിര്‍ത്തി കൊല്‍ക്കത്തയിലേക്ക് തിരിച്ച് വരാന്‍ ഞാന്‍ തീരുമാനിച്ചു.

തിരിച്ച് വന്ന് 1990-ല്‍ പുറത്തിറങ്ങിയ താങ്കളുടെ ആദ്യത്തെ ആല്‍ബം ടൊമാകി ചായ് വിജയമായിരുന്നു. അതുവരെ ആരും കരുതിയിരുന്നില്ല ബംഗാളിയില്‍ ഇത്ര ശക്തമായ വരികള്‍ ഉണ്ടാവുമെന്ന്. എങ്ങനെയാണ് ഇങ്ങനെയൊരു മാറ്റമുണ്ടാക്കാന്‍ സാധിച്ചത്?

അതിന്റെ ഉത്തരം നിങ്ങളുടെ ചോദ്യത്തില്‍ തന്നെയുണ്ട്. ഇന്ത്യയെ പോലൊരു മനോഹരരാജ്യത്ത് നല്ല ഗാനങ്ങളുടെ ആധിക്യമുണ്ട്. എന്നാല്‍ ഇതില്‍ അധികവും പ്രണയഗാനങ്ങളാണ്. അത് എന്നെ മടുപ്പിച്ച് തുടങ്ങിയിരുന്നു.

ഇക്കാലത്ത് പോലും മുംബൈയില്‍ നിന്നും ബംഗാളിയില്‍ നിന്നും ഉണ്ടാവുന്ന ഗാനങ്ങള്‍ വരികളിലും ഘടനയിലും പഴയതിന്റെ ആവര്‍ത്തനമായിരുന്നു. ഈ അവസ്ഥയിലാണ് എവിടെയാണ് എന്റെ സ്ഥാനം എന്ന് ഞാന്‍ ചിന്തിച്ച് തുടങ്ങിയത്.

രവീന്ദ്രനാഥ ടാഗോറിന്റെയും സലില്‍ ചൗദരിയുടെയും ഗാനങ്ങളിലൊന്നും എനിക്ക് എന്റെ ഭാഷ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്റെ ജീവിതത്തിലുടനീളം ഞാന്‍ എന്റെ ഭാഷ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ ഞാനായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് എന്റെ പാട്ടുകള്‍ ഞാന്‍ പാടിത്തുടങ്ങിയത്. അത് ചിലരെയൊക്കെ ആകര്‍ഷിച്ചു. ചിലരൊക്കെ അത് ഇഷ്ടപ്പെടാനും തുടങ്ങി.

ഇന്ത്യന്‍ സമൂഹത്തെപ്പറ്റി പൊതുവെ പറയാറുണ്ട് വളരാന്‍ സമതിക്കില്ലെന്ന്, നമ്മുടെ വഴികളില്‍ സ്ഥിരമായി നിരവധി തടസ്സങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന്. പ്രത്യേകിച്ച് 1990-കളില്‍ താങ്കളുടെ ഗാനങ്ങള്‍ ഒരു തരംഗം സൃഷ്ടിച്ചപ്പോള്‍ അത്തരം അനുഭവങ്ങള്‍ ?

ഞാന്‍ സംഗീതത്തിന്റെ അടിമയാണ്. സംഗീതത്തെ സേവിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ എന്റെ ശവകല്ലറക്ക് മേല്‍ ഇവിടെ വിശ്രമിക്കുന്ന മനുഷ്യന്‍ സംഗീതത്തില്‍ അയാളുടെ ഭാഷ കണ്ടെത്താന്‍ ശ്രമിച്ചിരുന്നെന്ന് എഴുതിവെക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ സങ്കടകരമായ കാര്യം ഈയിടെയായി എന്റെ രാഷ്ട്രീയത്തിലെ ഇടപെടല്‍ കാരണം സംഗീതത്തെ സേവിക്കാന്‍ സമയം കിട്ടുന്നില്ലെന്നതാണ്.

ജനങ്ങള്‍ പ്രത്യേകിച്ച് നിങ്ങളുടെ തന്നെ ശ്രോതാക്കള്‍ നിങ്ങളുടെ സ്വകാര്യജീവിതത്തെകുറിച്ച് കൂടുതലായി സംസാരിക്കാന്‍ താല്‍പര്യം കാണിക്കാറുണ്ട്. എത്ര തവണ വിവാഹം ചെയ്തിട്ടുണ്ട്? അല്ലെങ്കില്‍ എത്ര ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്?

എഡ്വവേര്‍ഡ് ഡി ബോനോയുടെ കുറച്ച് രചനകള്‍ ഞാന്‍ വായിച്ചിട്ടുണ്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍ പറയുന്നുണ്ട്. നിങ്ങളൊരു നല്ല ശാസ്ത്രഞ്ജന്‍ ആയിരിക്കാം എന്നാല്‍ ഇത്ര തന്നെ പ്രാധാന്യമുള്ളതാണ് നിങ്ങളൊരു സ്ത്രീയുടെ കൂടെയോ നായയുടെ കൂടെയോ പാമ്പിന്റെയോ കൂടെയോ കിടക്കുന്നത്. സത്യമാണ് ഞാന്‍ പലതവണ വിവാഹിതനായിട്ടുണ്ട്. പക്ഷേ ഞാന്‍ അത് ഒരിക്കലും മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല.

പരിഭാഷ / നാന്‍സി ബീഗം

4 Responses to “എന്നെ വിപ്ലവകാരിയാക്കിയത് ഉസ്താദ് അമീര്‍ഖാന്‍”

 1. naseer

  അഭിമുഖത്തിന്റെ പരിഭാഷ നന്നായിട്ടുണ്ട്‌. ഉസ്‌താദ്‌ മീര്‍ഖാന്റെ ഗാനങ്ങള്‍ അടിയോഴുക്കുള്ള സമുദ്രം പോലെത്തന്നെ. ഉപരിതലത്തിലെ ശാന്തതയ്‌ക്കു താഴെ വികാരങ്ങളുടെ ആഴക്കടലായിരിക്കും. സംഗീതത്തിന്റെ വിപ്ലവം മാവോവാദത്തേക്കാള്‍ വലിയ വിപ്ലവമുണ്ടാക്കിയിട്ടുണ്ട്‌. രാഷ്ട്രീയമില്ലാതിരുന്നിട്ടും ആദിവാസികളുടെ ദു:ഖസംഗീതത്തിനു കാതോര്‍ക്കാന്‍ സുമനു കഴിഞ്ഞു. അഭിനന്ദനങ്ങള്‍

 2. Musthafa Kudallur

  ബംഗാളിയിലും മലയാളത്തിലും പദ്യസാഹിത്യത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്‌. ഇതിന്റെ ബാക്കിയാണ്‌ കബീര്‍ സുമന്റെ സാന്നിധ്യവും കണ്ടെത്തലുകളും. സ്‌നേഹത്തിന്റെ ഭാഷയാണ്‌ സംഗീതം. പ്രണയാര്‍ദ്രമായി പാടുന്ന കബീര്‍ സുമന്‌ പ്രണയഗാനങ്ങളില്‍ മടുപ്പനുഭവപ്പെട്ടു എന്നത്‌ വിശ്വസിക്കാനാവുന്നില്ല. വിപ്ലവപ്രവര്‍ത്തകരെ വായിച്ച്‌ റാഡിക്കലാവാത്ത സുമന്‍, അമീര്‍ ഖാന്റെ ഗാനശൈലി കേട്ട്‌ റാഡിക്കലായി എന്നു പറയുന്നുണ്ട്‌. അതേ സമയം, പ്രണയഗാനങ്ങളില്‍ അനുഭവപ്പെട്ട ആവര്‍ത്തനം ഖാനില്‍ നിന്ന്‌ സുമന്‌ അനുഭവപ്പെട്ടുമില്ല എന്നു കേള്‍ക്കുമ്പോള്‍ ആശയക്കുഴപ്പമുണ്ടാവുന്നു. എന്തായാലും ആല്‍ഫ്രഡ്‌ ആഡ്‌ലര്‍ പറഞ്ഞതു പോലെ അപകര്‍ഷതാബോധത്തിന്റെ അസ്വസ്ഥത കബീര്‍ സുമനെ ബാധിച്ചുവെന്നു വേണം കരുതാന്‍.

  അഭിമുഖത്തില്‍ അക്ഷരത്തെറ്റുകളുണ്ട്‌.

 3. Sandeep Kollolath

  Good translation, the flowness of words from English to Malayalam is not broken

 4. pv suraj

  good. interesting to see how a radicalist handle both music and politics..thats the quality of kabir suman. he loves music and thats y he took the different way of agitation, ‘singing prottest’ for the maoist. nyway good transalation…kudoos to Nancy.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.