എഡിറ്റര്‍
എഡിറ്റര്‍
തൃണമൂല്‍ മന്ത്രിമാര്‍ രാജിവെച്ചു
എഡിറ്റര്‍
Friday 21st September 2012 4:14pm

മമത ബാനര്‍ജി- Mamata Banarjee

ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാറിന്റെ സാമ്പത്തിക നടപടിയില്‍ പ്രതിഷേധിച്ച് യു.പി.എ സര്‍ക്കാറിലെ ഏറ്റവും വലിയ ഘടകകക്ഷി തൃണമൂല്‍ കോണ്‍ഗ്രസ് രാജിവെച്ചു.  ക്യാബിനറ്റ് മന്ത്രിയുള്‍പ്പെടെ ആറ് പേരാണ് രാജി നല്‍കിയത്. റെയില്‍വേ മന്ത്രി മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ നഗരവികസന മന്ത്രി സൗഗത റോയ്, ആരോഗ്യ മന്ത്രി  സുദീപ് ബന്ധോപാദ്യായ, വാര്‍ത്താവിതരണ മന്ത്രി ചൗധരി മോഹന്‍ ജട്വ, ടൂറിസം മന്ത്രി സുല്‍ത്താന്‍ അഹമ്മദ്, ഗ്രാമവികസന മന്ത്രി ശിശിര്‍ കുമാര്‍ അധികാര്‍ എന്നിവരാണ് പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്.

Ads By Google

ഇതോടെ യു.പി.എ അംഗസംഖ്യ 273 ല്‍ നിന്ന് 254 ആയി കുറഞ്ഞു. 19 എം.പിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്.

സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നയങ്ങള്‍ക്കെതിരെ സപ്തംബര്‍ 30ന് ജന്ദര്‍മന്ദിറിനുമുന്നില്‍ ധര്‍ണ നടത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡീസല്‍ വിലവര്‍ധന, പാചകവാതക സബ്‌സിഡി വെട്ടിക്കുറച്ചത് എന്നിവയില്‍ പ്രതിഷേധിച്ച് യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസ് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ മമതയുടെ മുന്നറിയിപ്പിനെ പാടെ അവഗണിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് എടുത്തത്. തൃണമൂല്‍ പിന്തുണ പിന്‍വലിച്ചാല്‍ യു.പി.എ സര്‍ക്കാറിന് യാതൊരു ഭീഷണിയുമുണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥിതികള്‍ വിലയിരുത്തുന്നതിനായി ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് കോര്‍കമ്മറ്റി ഇന്ന് ചേരും.

മന്ത്രിസഭ പുനസംഘടിപ്പിക്കാനുള്ള തീരുമാനം നേരത്തേ തന്നെ കോണ്‍ഗ്രസ് എടുത്തിരുന്നു. പുതിയ മന്ത്രസഭയില്‍ തൃണമൂല്‍ ഒഴിച്ചിട്ട റെയില്‍വേ കോണ്‍ഗ്രസ് തന്നെ വഹിക്കുമെന്നാണ് സൂചന. പുതിയ സാമ്പത്തിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട വിശദീകരണം ഇന്ന് രാത്രി പ്രധാനമന്ത്രി നടത്തും.

അതേസമയം, യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് വ്യക്തമാക്കി.

ഇടക്കാല തിരഞ്ഞെടുപ്പുണ്ടായാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നും ഇതൊഴിവാക്കാന്‍  വേണ്ടിയാണ് യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതെന്നുമായിരുന്നു മുലായം സിങ് യാദവ് പറഞ്ഞത്.
തൃണമൂല്‍ മന്ത്രിമാര്‍ രാജിവെക്കുന്നതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ തൃണമൂല്‍ മന്ത്രിസഭയില്‍ നിന്നും കോണ്‍ഗ്രസ് മന്ത്രിമാര്‍ നാളെ രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisement