ന്യൂദല്‍ഹി: സിമി നിരോധന നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനായുള്ള തെളിവെടുപ്പിന് ദല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണല്‍ മെയ് ആദ്യവാരം കേരളത്തിലെത്തും. തിരുവനന്തപുരത്താണ് തെളിവെടുപ്പ്. സിമിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ട്രൈബ്യണല്‍ ശേഖരിക്കും.

തെളിവ് നല്‍കാനെത്തുന്ന സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യുന്നതിന് സിമിയുടെ മുന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ട്രൈബ്യൂണല്‍ ജസ്റ്റിസ് വി.കെ ശാലി അറിയിച്ചു. സിമി നിരോധത്തെ എതിര്‍ക്കുന്ന സിമി മുന്‍ അംഗങ്ങളായ അഹ് മദ്‌സിദ്ദീഖി, മിസ്ബാഹുല്‍ ഇസ്‌ലാം എന്നിവര്‍ക്കാണ് തെളിവ് നല്‍കാനെത്തുന്ന സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യുന്നതിനു അവസരം നല്‍കിയത്.

ഇവര്‍ക്ക് ഇത്തരമൊരു അവസരം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം ജസ്റ്റിസ് ശാലി തള്ളി. ഇതിന് മുമ്പ് നടന്ന വാദം കേള്‍ക്കലില്‍ കേള്‍ക്കലില്‍ സിമിയുടെ മുന്‍ അംഗങ്ങളായ ഇരുവര്‍ക്കും ട്രൈബ്യൂണലിന്റെ വാദം കേള്‍ക്കലില്‍ ഭാഗഭാക്കാകുന്നതിന് അധികാരമില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചന്ദോലിക് വാദിച്ചിരുന്നു. സിമി അംഗങങ്ങള്‍ക്കുംഭാരവാഹികള്‍ക്കും മാത്രമാണ് നിരോധം ബാധമാകുക എന്ന വാദമാണ് അദ്ദേഹമുയര്‍ത്തിയത്. ഈ വാദം നിരാകരിച്ചാണ് ഇവരുടെയും അഭിഭാഷകരെ വിചാരണയില്‍ അനുവദിച്ചത്.

തെളിവെടുപ്പിന് മുന്നോടിയായി കേരളത്തിലെ സിമി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.എസ് ചന്ദോലികിനോട് ജസ്റ്റിസ് ശാലി നിര്‍ദേശിച്ചു.  ഈ മാസം 27നകം സത്യവാങ്മൂലം നല്‍കാനാണ് നിര്‍ദേശം.

ഇത് ആറാം പ്രാവശ്യമാണ് സിമി നിരോധം 2003, 2006, 2008, 2010 വര്‍ഷങ്ങളില്‍ ദീര്‍ഘിപ്പിക്കുകയായിരുന്നു. 2008ല്‍ ഇറക്കിയ ഉത്തരവ് ചില സാങ്കേതിക കാരണങ്ങളുന്നയിച്ച് ജസ്റ്റിസ് ഗീത മിത്തല്‍ റദ്ദാക്കിയതൊഴിച്ചാല്‍ എല്ലാ പ്രാവശ്യവും ട്രൈബ്യൂണല്‍ നിരോധം ശരിവെക്കുകയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം ഒരു സംഘടനക്കെതിരായ നിരോധത്തിന് ഹൈക്കോടതി സിറ്റിങ് ജഡ്ജി നേതൃത്വം നല്‍കുന്ന ട്രൈബ്യൂണലിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നിരോധ വിജ്ഞാപനമിറക്കി ആറ് മാസത്തിനകമാണ് ട്രൈബ്യൂണല്‍ അംഗീകാരം നല്‍കേണ്ടത്.