പാലക്കാട്: മുഖ്യമന്ത്രി അനുവദിച്ച അട്ടപ്പാടി പാക്കേജ് സ്വീകാര്യമല്ലെന്ന് കാറ്റാടി ഭൂവുടമകളായ ആദിവാസികള്‍. സര്‍വെ നമ്പര്‍ 1275 ലെ 6 ആദിവാസി ഭൂവുടമകളാണ് പാക്കേജ് തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും കയ്യേറ്റക്കാരെ തങ്ങളുടെ ഭൂമിയില്‍നിന്ന് ഒഴിപ്പിച്ച് തങ്ങളുടെ ഭൂമി തിരിച്ചുനല്‍കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്. തങ്ങളുടെ ഭൂമിയില്‍ എന്തുചെയ്യണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ആദിവാസികളുടെ അനുമതി കൂടി അറിഞ്ഞ ശേഷമേ കമ്പനിക്ക് ഭൂമി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്ന മന്ത്രി എ.പി അനില്‍കുമാര്‍ വ്യക്തമാക്കി. സംസ്‌കാരത്തെ നശിപ്പിക്കുന്ന ഒരു ടൂറിസം പദ്ധതികള്‍ക്കും അംഗീകാരം നല്‍കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുസ്‌ലോണ്‍ കമ്പനിക്ക് ഭൂമി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ പാക്കേജ് അംഗീകരിക്കാനാവില്ലെന്ന് കാണിച്ചുകൊണ്ട് അട്ടപ്പാടിയിലെ കാറ്റാടി ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. കമ്പനിക്ക് ലഭിക്കുന്ന ലാഭവിഹിതം മതിയെന്ന നിര്‍ദേശം തങ്ങള്‍ മുന്നോട്ട് വെച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുതാ വിരുദ്ധവും വഞ്ചനാപരവുമാണെന്നും കാറ്റാടി ഭൂമിയുടെ ഉടമസ്ഥത വ്യക്തമാക്കിയ ശേഷം മാത്രമേ ഇനി ചര്‍ച്ചയുള്ളൂവെന്നും ആദിവാസികള്‍ വ്യക്തമാക്കിയിരുന്നു.