കുറ്റിച്ചല്‍: ആദിവാസി ചന്തയിലേക്ക് വനവിഭവങ്ങളുമായിപോയ ആദിവാസി വൃദ്ധയെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. കോട്ടൂര്‍ പ്ലാവിള ആദിവാസി സെറ്റില്‍മെന്റ് മുത്തുപാറ പ്രദേശവാസികളായ കുഞ്ചിദേവി(60)യാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന അയ്യപ്പ(35)ന് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വനവിഭവങ്ങളുമായി കോട്ടൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള മുത്തുപ്പാറ വനത്തിലെത്തിയപ്പോഴാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച കാട്ടാനക്കൂട്ടം ഏറെ നേരം ഇടവഴിയില്‍ തന്നെ നിന്നു. ഇത് കാരണം മറ്റ് ആദിവാസികള്‍ക്ക് ഇവരെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞില്ല.

മണിക്കൂറുകള്‍ക്ക് ശേഷം കാട്ടാനക്കൂട്ടത്തെ ആദിവാസികള്‍ തുരത്തിയോടിച്ച് ശേഷമാണ് ഇരുവരെയും തലചുമടായി റോഡിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവമറിഞ്ഞ് നെടുമങ്ങാട് ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജനപ്രതിനിധികളും വനത്തിനുള്ളില്‍ എത്തിയിട്ടുണ്ട്.