ഫേസ്ടുഫേസ് / സി.കെ ജാനു

മുത്തങ്ങയെന്ന പേര് മാത്രം മതി കേരളത്തിലെ കാടും നാടും നഷ്ടപ്പെട്ട ആദിവാസിയെ അടയാളപ്പെടുത്താന്‍. നാഗരികതയുടെ കടന്നു കയറ്റത്തില്‍ ഇടം നഷ്ടപ്പെട്ട ആദിവാസിക്ക് കേരളത്തെ ഉണര്‍ത്താന്‍ മുത്തങ്ങയില്‍ രക്തമൊഴുക്കേണ്ടി വന്നു. സി.കെ ജാനുവെന്ന ആദിവാസി നേതാവിന്റെ നീര് വന്ന് വീര്‍ത്ത മുഖം ഓര്‍മ്മകളുള്ള മലയാളികളെല്ലാം ഓര്‍ക്കുന്നുണ്ടാവും. മാധ്യമങ്ങളില്‍ നിന്ന് പിന്നീട് ആ മുഖം മെല്ലെ മറഞ്ഞുപോയി.

പിന്നെ നാം ജാനു എവിടെയെന്ന് ചോദിച്ചു. ഇല്ല, സി.കെ ജാനു എവിടേക്കും ഒളിച്ചോടിയിട്ടില്ല, ആദിവാസികളെക്കുറിച്ച് തന്നെയാണ് അവര്‍ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്. മുത്തങ്ങയില്‍ നിന്ന് സംഭരിച്ചെടുത്ത ഊര്‍ജ്ജവുമായി അവര്‍ ആദിവാസികളുടെ ഇടയില്‍ തന്നെയുണ്ട്. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജോസഫ് കെ. ജോബ് സി.കെ ജാനുവുമായി നടത്തുന്ന സുദീര്‍ഘമായ സംഭാഷണം.

2003ല്‍ മുത്തങ്ങയിലെ പോലീസ് വേട്ടയ്ക്കു കാരണക്കാരായ ഐക്യജനാധിപത്യമുന്നണി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി. അഞ്ചുവര്‍ഷം ഭരിച്ച എല്‍.ഡി.എഫ് പ്രതിപക്ഷത്തുമായി മാറിയ സാഹചര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തിലേക്കു വരുന്നതുതന്നെ മുത്തങ്ങ സംഭവത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഏറ്റെടടുത്തുകൊണ്ടാണ്. ഗ്രാമങ്ങളും കോളനികള്‍തോറും മുത്തങ്ങ സംഭവത്തിന്റെ വീഡിയോ കാസറ്റുകള്‍ പ്രദര്‍ശിപ്പിച്ചാണ് അന്നവര്‍ വോട്ടു കാന്‍വാസ് ചെയ്തത്. അധികാരത്തില്‍ വന്നാല്‍ ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി കൊടുക്കും. ആദിവാസികളുടെ പേരിലുള്ള മുഴുവന്‍ കേസ്സുകളും പിന്‍വലിക്കും. ഭൂമിവിതരണത്തോടൊപ്പം പുനരധിവാസ പാക്കേജ് നടപ്പിലാക്കും എന്നൊക്കെ എല്‍.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു.

മരിച്ചിട്ടൊന്നുമില്ല ഞാന്‍. അത്രവേഗമൊന്നും മരിക്കുകയുമില്ല ഞങ്ങള്‍. കേരളത്തിന്റെ സമരചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മപ്പിക്കപ്പെടുന്ന ഒരു സമരമാണ് മുത്തങ്ങയിലേത്

ആദിവാസികളുടെ സമഗ്രവികസനം സാധ്യമാകും എന്നൊക്കെ പറഞ്ഞ് അധികാരത്തിലേറിയവര്‍ അഞ്ചുവര്‍ഷക്കാലം ആദിവാസികള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നുമാത്രമല്ല, ആദിവാസികള്‍ക്കു ദോഷകരമായ നടപടികള്‍ പലതും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതിയെ ഉപയോഗിച്ചുകൊണ്ട് നാടകീയമായി സമരപ്രഹസനങ്ങള്‍ നടത്താനും ഭൂമിക്കുവേണ്ടി സമരം നടത്തുന്നത് തങ്ങളാണെന്നു വരുത്തിതീര്‍ക്കാനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രായോഗികമായി ആദിവാസി വികസനത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞിട്ടില്ല.

ആദിവാസി വിരുദ്ധനിലപാടുകള്‍ എല്‍.ഡി.എഫ് സ്വീകരിച്ചു എന്നു പറയുന്നത് എന്തര്‍ത്ഥത്തിലാണ്?.

വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി വിതരണം ചെയ്യാതിരിക്കുക, കേസുകള്‍ പിന്‍വലിക്കാതിരിക്കുക, പുനരധിവാസ പാക്കേജ് നടപ്പിലാക്കാതിരിക്കുക എന്നിവയെല്ലാം ആദിവാസി വിരുദ്ധനിലപാടുകളില്‍ നിന്നുണ്ടാവയാണ്. അതുപോലെ യു.പി.എ ഗവണ്‍മെന്റ് പാസ്സാക്കിയ 2006 ലെ വനാവകാശനിയമത്തെ അട്ടിമറിച്ചുകൊണ്ടും എല്‍.ഡി.എഫ് അതിന്റെ ആദിവാസിവിരുദ്ധനിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രഗവണ്‍മെന്റ് പാസാക്കിയ ആ നിയമം അതിന്റെ അന്ത:സത്തയില്‍ ഉള്‍ക്കൊണ്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ വയനാട്ടിലെ ഒരുവിധപ്പെട്ട ആദിവാസികള്‍ക്കെല്ലാം ഭൂമി നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കഴിയുമായിരുന്നു. എന്നാല്‍ ആ നിയമത്തില്‍ കേരള സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയും ഒന്നുമല്ലാത്ത ഒരുനിയമമായി അതിനെ മാറ്റിക്കളയുകയും ചെയ്തു.

വനാവകാശം നടപ്പിലാക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് കൂടി കിടപ്പവകാശം മാത്രം നടപ്പിലാക്കുന്ന പണിയാണ് അവര്‍ ചെയ്തിരിക്കുന്നത്.

വനാവകാശനിയമത്തില്‍ എല്‍.ഡി.എഫ് വെള്ളം ചേര്‍ത്തു എന്നു താങ്കള്‍ പറയുന്നു. അങ്ങനെ ചെയ്യാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനു കഴിയുമോ?

വനവുമായി ബന്ധപ്പെട്ട് താമസിക്കുന്ന ആദിവാസികള്‍ക്ക് ഇക്കോ ഫ്രജൈലായിട്ടുള്ള വനത്തിനക്ക് 15 ഏക്കര്‍വരെ ഭൂമി അനുവദിച്ച് അതിന് അവര്‍ക്കു പട്ടയം കൊടുത്ത് അവിടെ താമസിക്കാനനുവദിക്കുന്ന ഒരു നിയമമാണല്ലോ ഇത്. ലഭിക്കുന്നത്ര ഭൂമിയില്‍ കൃഷി ചെയ്യാനും അനുബന്ധകാര്യങ്ങള്‍ ചെയ്യാനുമുള്ള അവകാശവും സമീപപ്രദേശങ്ങളിലെ വനത്തില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള അധികാരവും ആദിവാസികള്‍ക്കു കൊടുക്കണമെന്നായിരുന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ വനപ്രദേശങ്ങളില്‍ താമസിച്ചിരുന്ന ആളുകളെ വനാവകാശനിയമം വരുന്നതിനുമുമ്പേ കുടിയിറക്കുന്ന നടപടി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നു. ആരെങ്കിലും വനത്തിനുള്ളില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വനാവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി കൊടുക്കാതിരിക്കാനാണ് ഇങ്ങനെ കുടിയിറക്കിയത്.

അങ്ങനെയുള്ളവരെ 3 സെന്റോ പത്തു സെന്റോ ഒക്കെ കൊടുത്ത് കോളനിവീടുകളാക്കി കൊടുക്കുകയാണ് ചെയ്തത്. അത് ആദിവാസികളോടു കാണിച്ച വലിയ വഞ്ചനയായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു