എഡിറ്റര്‍
എഡിറ്റര്‍
യോഗി മോഡലില്‍ അമിത് ഷായുടെ സന്ദര്‍ശനം : ആദിവാസി കുടുംബം വര്‍ഷങ്ങളായി അപേക്ഷിച്ചിട്ടും ലഭിക്കാത്ത ടോയ്‌ലറ്റും ഗ്യാസ് കണക്ഷനും നല്‍കി ബി.ജെ.പി
എഡിറ്റര്‍
Wednesday 31st May 2017 2:08pm

ന്യുദല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആദിവാസി കുടുംബത്തിന് ടോയ്ലറ്റും ഗ്യാസ് കണക്ഷനുമൊരുക്കി ബി.ജെ.പി പ്രവര്‍ത്തകര്‍.

പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ വിസ്തരക് പരിപാടിക്കെത്തുന്ന അമിത്ഷാ ഒരു ആദിവാസി കുടുംബം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. അവിടെ നിന്ന് ചിലപ്പോള്‍ ഭക്ഷണം കഴിച്ചേക്കുമെന്നും അറിയിച്ചു. തുടര്‍ന്നായിരുന്നു ബി.ജെ.പിക്കാര്‍ തകൃതിയായി സൗകര്യമൊരുക്കിയത്.

ഇഷ്ടിക നിര്‍മിതമായ വീട്ടില്‍ സൗകര്യങ്ങള്‍ കുറവായിരുന്നു. മണ്ണ് തേച്ച വീട്ടില്‍ ടോയ്ലറ്റ് സൗകര്യമോ ഗ്യാസ്‌കണക്ഷനോ ഉണ്ടായിരുന്നില്ല. എന്നാല്‍ അമിത്ഷായുടെ സന്ദര്‍ശനത്തിനായി വീട്ടില്‍ പെട്ടെന്ന് തന്നെ ഇവര്‍ സൗകര്യങ്ങളൊരുക്കുകയായിരുന്നു.


Dont Miss മോദിക്ക് മുന്നിലിരിക്കുമ്പോഴെങ്കിലും കാല് മറച്ചൂടേ; വിമര്‍ശകര്‍ക്ക് കാലുകൊണ്ട് തന്നെ പ്രിയങ്കയുടെ മറുപടി 


പുതിയ ടോയ്ലറ്റ് പണിയുകയും ഒരു വാഷ് ബേസിന്‍ വെക്കുകയും ചെയ്തുവെന്ന് പൊപ്പറ്റിന്റെ കസിന്‍ മല്‍കബായി രത്വ പറഞ്ഞു.

വീടിന്റെ പ്രവേശന കാവാടത്തിനരികിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ടോയ്്ലറ്റ് പണിതത്. വീട്ടില്‍ അമിത്ഷാക്ക് ഭക്ഷണമൊരുക്കാന്‍ വേണ്ടിയാണ് താത്കാലിക ഗ്യാസ് കണക്ഷന്‍ ഒരുക്കിയത്.

എല്‍.പി.ജി ഗ്യാസിനായി കുടുംബം മുന്‍പ് തന്നെ അപേക്ഷിച്ചിരുന്നെങ്കിലും ഇത് വരെ കിട്ടിയിരുന്നില്ലെന്നും വീട്ടിലെ വലിയ മുറി അമിത്ഷാക്ക് ഭക്ഷണം നല്‍കുന്നതിനായി അവര്‍ ഒരുക്കിയിരിക്കുകയാണെന്നും വീട്ടുകാര്‍ പറഞ്ഞു.

നേരത്തെ മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകനും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന യെദിയൂരപ്പ ദളിത് കുടുംബത്തില്‍ നിന്ന് ഹോട്ടല്‍ ഭക്ഷണം കഴിച്ചത് വലിയ വിവാദമായിരുന്നു.
അടുത്തിടെ പാകിസ്താന്‍ സൈന്യം വധിക്കുകയും മൃതശരീരം വികൃതമാക്കുകയും ചെയ്ത സൈനികന്റെ വീട് സന്ദര്‍ശിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയപ്പോള്‍ വീട്ടില്‍ എസി അടക്കമുള്ള സൌകര്യങ്ങള്‍ ഒരുക്കുകയും ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഇത് നീക്കം ചെയ്യുകയും ചെയ്ത നടപടി വിവാദമായിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഡിയോറിയ ജില്ലയിലുള്ള സൈനികന്‍ പ്രേം സാഗറിന്റെ വീട്ടില്‍ എസി, സോഫ, പുതിയ കര്‍ട്ടണ്‍, കസേരകള്‍, കാര്‍പ്പറ്റ് എന്നിവയാണ് ജില്ലാ ഭരണകൂടം ഒരുക്കിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് അര മണിക്കൂറിനു ശേഷം ഇവയെല്ലാം തിരിച്ചു കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.

മുളവടിയില്‍ നിര്‍ത്തിയാണ് എസി സ്ഥാപിച്ചത്. സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൈനികന്റെ വീട്ടിലേക്കുള്ള വഴി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. വൈദ്യുതി ബന്ധം തടസ്സപ്പെട്ടാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ജനറേറ്ററും കൊണ്ടുവെച്ചിരുന്നു.

Advertisement