ലോസ്ആഞ്ചല്‍സ്: പോപ് ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരായ വിചാരണ ആരംഭിച്ചു. ജാക്‌സന്റെ കുടുംബ ഡോക്ടറായിരുന്ന ഡോക്ടര്‍ കോണ്‍റാഡ് മുറെയ്‌ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ജാക്‌സന്‍ തന്നെയാണ് മരണത്തിന് ഉത്തരവാദിയെന്നും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ ജാക്‌സണ്‍ ഒരിക്കലും പാലിച്ചിരുന്നില്ലെന്നും മുറെയുടെ വക്കീല്‍ വാദിച്ചു. അനസ്‌തേഷ്യക്കുള്ള മരുന്ന് ചെറിയ തോതില്‍ ഉറക്കം ലഭിക്കാനായി കൊടുത്ത ശേഷം ഡോക്ടര്‍ മുറിക്ക് പുറത്ത് പോയി. പിന്നീട് തന്റെ ശരീരത്തിന് താങ്ങാവുന്നതിലും കൂടുതല്‍ അളവില്‍ പല മരുന്നുകള്‍ ജാക്‌സണ്‍ കഴിച്ചതാണ് മരണ കാരണം എന്ന് മുറെയുടെ വക്കീല്‍ കോടതിയില്‍ വാദങ്ങല്‍ നിരത്തി.

ബോധം കെടുത്താനുള്ള മരുന്നായ പ്രൊപ്പോഫോള്‍ വലിയ തോതില്‍ നല്‍കിയതാണ് മൈക്കല്‍ ജാക്‌സന്റെ മരണത്തിന് കാരണമായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. ഉറക്കം ലഭിക്കാനായി ഈ മരുന്നു ജാക്‌സന് നല്‍കിയതായി മുറെ സമ്മതിച്ചിരുന്നു.

കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ മുറെയ്ക്ക് നാലു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ജാക്‌സന്റെ മാതാപിതാക്കളും സഹോദരങ്ങളും കോടതിയില്‍ ഹാജരായി. ജാക്‌സന്റെ ആയിരക്കണക്കിന് ആരാധകര്‍ വിചാരണ സമയത്ത് കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്നു.

വിചാരണ ആറ് ആഴ്ച വരെ നീണ്ടു നില്‍ക്കും. 2009 ജൂണ്‍ 25നാണ് മൈക്കല്‍ ജാക്‌സന്‍ മരണപ്പെട്ടത്.