വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ ട്രൈവാലി യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ റേഡിയോ ടാഗ്കൂടി നീക്കം ചെയ്തു. നേരത്തെ രണ്ടുപേരുടെ റേഡിയോ ടാഗ് നീക്കം ചെയ്തിരുന്നു.

ട്രൈവാലി യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 18 പേരുടെ കാലിലാണ് റേഡിയോ കോളര്‍ കെട്ടിയിട്ടത്. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടാണ് റേഡിയോ കോളര്‍ നീക്കം ചെയ്തത്.

എന്നാല്‍ പതിമൂന്ന് പേരുടെ കാലില്‍ ഇപ്പോഴും റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ട്. വിസാതട്ടിപ്പ്, അനധകൃത കുടിയേറ്റങ്ങള്‍ നടത്തി തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നാണ് ട്രൈവാലി യൂണിവേഴ്‌സിറ്റി അടപ്പിച്ചത്.

ഇവിടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നാണ് ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ സു്‌സ്മിത തോമസ് നല്‍കുന്ന റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഹായം നല്‍കാനായി ഇന്ത്യന്‍ അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്.