പെണ്‍കുട്ടികള്‍ക്കിടയില്‍ ഷര്‍ട്ടുകളുടെ ഭ്രമം കൂടിവരുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. പെണ്‍കുട്ടികള്‍ ഷര്‍ട്ടും ധരിച്ച് നടക്കുന്നതിനെ കുറിച്ച് പണ്ടുള്ളവര്‍ക്കൊന്നും ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി.

Ads By Google

ലേഡീസ് ഷര്‍ട്ടിനായി പ്രത്യേക വിഭാഗം തന്നെ ഇപ്പോള്‍ കടകളിലുണ്ട്. ഇത്തരം ഷര്‍ട്ടുകള്‍ക്കായി വിപണയിലെത്തുന്ന പെണ്‍കുട്ടികളുടെ അളവ് നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണെന്നാണ് മിക്ക കടയുടമകളും പറയുന്നത്.

ഏറെ കംഫര്‍ട്ടബിള്‍ ആയ വേഷമാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് ഷര്‍ട്ട്. അതുകൊണ്ട് തന്നെ പ്രഫഷനലായ പെണ്‍കുട്ടികള്‍ക്കെല്ലാം ഷര്‍ട്ടിനോട് കമ്പം തോന്നുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ല. ഇതിന്റെ മറ്റൊരു പ്രത്യേകത ഫോര്‍മലായും ക്വാഷ്വലായും എല്ലാം ഷര്‍ട്ട് ഉപയോഗിക്കാം എന്നുള്ളതാണ്.

നീളം കുറഞ്ഞതും കൂടിയതുമായ ഷര്‍ട്ടുകള്‍ ഇന്ന് വിപണികളില്‍ സുലഭമാണ്. അല്പം വണ്ണം കൂടിയവര്‍ക്ക് നീളമുള്ള ഷര്‍ട്ടുകളാണ് കൂടുതല്‍ അനുയോജ്യം. വണ്ണം കുറഞ്ഞവര്‍ സുന്ദരികളാകുന്നത് നീളം കുറഞ്ഞ ഷര്‍ട്ടിലുമാണ്.

ഇതില്‍ തന്നെ ഹാഫ് സ്ലീവ്, ഫുള്‍ സ്ലീവ്, ത്രീ ഫോര്‍ത്ത് എന്നിങ്ങനെ മൂന്ന് തരം ഷര്‍ട്ടുകള്‍ ഉണ്ട്. ഇവയുടെ കോളറിലും വ്യത്യസ്ത ടൈപ്പുണ്ട്. ജീന്‍സ്, പാന്റ്‌സ്, ലെഗിന്‍സ് ഇവയുടെയൊക്കെ കൂടെ ധരിക്കാമെന്നതാണ് ഷര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഡബിള്‍ പോക്കറ്റും ചെക്ക് ഡിസൈനും കൈയ്യില്‍ ലൂപ്പുമുള്ള പ്ലെയിഡ് ഷര്‍ട്ടുകള്‍ക്കാണ് ഇപ്പോല്‍ വിപണിയില്‍ ഡിമാന്റ് ഏറെ. സ്‌കിന്നി ജീന്‍സാണ് പ്ലെയിഡ് ഷര്‍ട്ടിനൊപ്പം ധരിക്കാന്‍ ഏറ്റവും അനുയോജ്യം. ഇതിനൊപ്പം ഷൂസോ ചെരുപ്പോ കാലില്‍ ധരിക്കാം. കൈയ്യില്‍ വള ധരിക്കുന്നതിന് പകരം ചെയിന്‍ ധരിക്കാം. പൊട്ട് പരമാവധി ഒഴിവാക്കുന്നതാണ് ഫാഷന്‍. ഇനി നിര്‍ബന്ധമാണെങ്കില്‍ ചെറിയ തരത്തിലുള്ള പൊട്ടുകളും ഉപയോഗിക്കാം.