എഡിറ്റര്‍
എഡിറ്റര്‍
ട്രെന്‍ഡി ഗോള്‍ഡ് ആന്റ് സില്‍വര്‍
എഡിറ്റര്‍
Thursday 30th August 2012 1:14pm

സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്ന തലമുറയുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ പരമാവധി ആഭരണങ്ങള്‍ ഒഴിവാക്കി എങ്ങനെ പുറത്തിറങ്ങാമെന്നാണ് സ്ത്രീകളും പെണ്‍കുട്ടികളും നോക്കാറ്. പെട്ടെന്ന് എടുത്തുകാണിക്കാത്ത വിധത്തിലുള്ള ലളിതമായ ആഭരണങ്ങളാണ് ഇന്ന് മിക്കവാറും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്.

ആഭരണങ്ങളില്‍ വരുന്ന വ്യത്യസ്തതയാണ് ഇന്നത്തെ യുവത്വത്തെ ആകര്‍ഷിക്കുന്നത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മിക്‌സ് ചേര്‍ന്ന ക്ലാസിക് ആഭരണങ്ങളെ ഇഷ്ടപ്പെടുന്ന ഒരു തലമുറയാണ് ഇപ്പോള്‍ ഉള്ളത്. വിലയുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ലെങ്കിലും ട്രെന്‍ഡിയാണ് ഇത്തരം ആഭരണങ്ങള്‍.

ഓഫീസുകളിലും കോളേജുകളിലും പോകുന്ന പെണ്‍കുട്ടികള്‍ പൊതുവെ സിമ്പിള്‍ ഡിസൈനിലുള്ള ആഭരണങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. കൈയ്യില്‍ ധരിക്കുന്ന ബ്രെയ്‌സ് ലെറ്റുകള്‍ ചങ്ങല മോഡലും മാലയായി ഡയാമെന്റെ നെക്ലേസുകളും ഉപയോഗിക്കാം. ഒരു കൈയ്യില്‍ ക്ലാസിക്കല്‍ മെറ്റല്‍ സ്ട്രാപ്പുകളുള്ള വാച്ചുകള്‍ ഉപയോഗിക്കുന്നതാവും അനുയോജ്യം.

ഇനി എന്തെങ്കിലും ചടങ്ങുകളിലും മറ്റും പങ്കെടുക്കാന്‍ പോകുമ്പോള്‍ അല്പം ട്രെന്‍ഡിയായ കമ്മലും മാലകളും ഉപയോഗിക്കാം. അതില്‍ തന്നെ അനാര്‍ക്കലിക്കൊപ്പം മനോഹരമായ കല്ലുകള്‍ പതിച്ച കമ്മലുകളാണ് ഏറെ അനുയോജ്യം.

മോതിരങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തിലും അല്പം ശ്രദ്ധ വേണം. തിളക്കമാര്‍ന്ന കല്ലുകളുള്ള മോതിരങ്ങളാണ് എപ്പോഴും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുക, അതുമാത്രമല്ല അതിന് ഒരു രാജകീയ പരിവേഷവും ലഭിക്കും.

ഇതില്‍ തന്നെ ധരിക്കുന്ന വേഷത്തിനും ലുക്കിനും അനുസരിച്ച് ആഭരണങ്ങളും തിരഞ്ഞെടുക്കാന്‍ കഴിയുകയെന്നാണ് പ്രധാനം.

Advertisement