കടലൂര്‍: പോലീസ് ലാത്തിചാര്‍ജ് പേടിച്ചോടി കനാലില്‍ വീണ മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. അണ്ണാമല സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായ ജാര്‍ഖണ്ഡ് സ്വദേശികളായ ആഷിഷ് രഞ്ജന്‍ കുമാര്‍, സര്‍ബാദാസ്, ബിഹാറില്‍ നിന്നുള്ള സുമിത് കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കനാലില്‍ നിന്നു കണ്ടെടുത്തത്. സുമിത്തിന്റെ മൃതദേഹം ഇന്നലെയും മറ്റുള്ളവരുടെ ഇന്നുമാണ് ലഭിച്ചത്.

ഫെബ്രുവരി 28നാണ് സംഭവമുണ്ടായത്. റോഡപകടത്തില്‍ പരിക്കേറ്റ തങ്ങളുടെ സഹപാഠി ചികില്‍സ ലഭിക്കാതെ മരിച്ചത് സര്‍വകലാശാല മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലമാണെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്തത്. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു.

Subscribe Us:

രോഷാകുലരായ വിദ്യാര്‍ഥികള്‍ ക്യാപസിലുണ്ടായിരുന്ന അഞ്ചു കാറുകള്‍ അടിച്ചു തകര്‍ത്തു. വൈസ് ചാന്‍സ്‌ലറെ കാണണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ പ്രക്ഷോഭം രൂക്ഷമാക്കിയതോടെ അദ്ദേഹം പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ലാത്തിചാര്‍ജില്‍ 13 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. സര്‍വകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കയാണ്.