എഡിറ്റര്‍
എഡിറ്റര്‍
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
എഡിറ്റര്‍
Tuesday 18th March 2014 3:03pm

kerala-govt

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിമുതല്‍ ഒരു ദിവസം ഒരു ട്രഷറിയില്‍ നിന്നും ഒരു കോടിരൂപയുടെ ബില്ല് മാത്രമേ പാസാക്കാനാവുകയുള്ളൂ.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ട്രഷറികള്‍ പൂട്ടുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡുകളുടെയും ക്ഷേമനിധി ബോര്‍ഡുകളുടെയും ഫണ്ടുകള്‍ വിനിയോഗിക്കാനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാര്‍.

എന്നാല്‍, ദേവസ്വം ഫണ്ട് പൊതു ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു ധര്‍മ്മസ്ഥാന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ചട്ടവിരുദ്ധമായതിനാല്‍ സര്‍ക്കാറിന് തിരിച്ചടിയാവുകയായിരുന്നു. തുടര്‍ന്ന് ട്രഷറികള്‍ പൂട്ടുന്നത് തടയാന്‍ പൊതുവിപണിയില്‍ നിന്നുള്ള വായ്പാ പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍.

ദേവസ്വം ഫണ്ട് ഹിന്ദു മതത്തിന്റെയും സ്ഥാപനങ്ങളുടെയും ഉന്നമനത്തിനു മാത്രമേ വിനിയോഗിക്കാനാവൂ എന്നതാണ് ചട്ടം. ദേവസ്വം ബോര്‍ഡുകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവയുടെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ഹിന്ദു ധര്‍മ്മസ്ഥാപന നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മാത്രം 170 കോടിയോളം രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. ബോര്‍ഡിന് ലഭിക്കുന്ന 76 കോടി രൂപയുടെ വാര്‍ഷിക ഗ്രാന്റും ബാങ്കിലേക്കു തന്നെയാണ് വരുന്നത്. ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മറ്റു ചെലവുകള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഈ ഫണ്ട് ട്രഷറിയിലേക്കു മാറ്റാനാവില്ല.

തൊഴില്‍ വകുപ്പിനു കീഴിലുള്ള 14 ക്ഷേമനിധികളുടെയും മറ്റു വകുപ്പുകള്‍ക്കു കീഴിലുള്ള ക്ഷേമനിധികളുടെയും അവസ്ഥയും ഇതു തന്നെ. ഫണ്ടുകള്‍ വകമാറ്റുതില്‍ എതിര്‍പ്പുമായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും രംഗത്തുവന്നിരുന്നു.

ട്രഷറിയിലേക്ക് ഫണ്ട് മാറ്റുന്നത് ക്ഷേമനിധി വിതരണം തടസ്സപ്പെടുതിനിടയാക്കുമെന്ന് ബോര്‍ഡ് തലപ്പത്തുള്ളവര്‍ക്കും ആശങ്കയുണ്ട്. എന്തെങ്കിലും കാരണത്താല്‍ ട്രഷറി നിയന്ത്രണം വരികയാണെങ്കില്‍ ക്ഷേമനിധി പെന്‍ഷന്‍ വിതരണം മുടങ്ങും.

പൊതുവിപണിയില്‍ നിന്ന് സര്‍ക്കാരിന് കടമെടുക്കാവുന്ന പരിധിയായ 12200 കോടി രൂപ പിന്നിട്ട സാഹചര്യത്തില്‍ 500 കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുവദിക്കണമൊവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിച്ചെലവും ഈ വര്‍ഷം പുതിയ പദ്ധതികള്‍ക്കായി നീക്കിവെച്ച തുകയും പരിഗണിക്കുമ്പോള്‍ വായ്പാപരിധി ഉയര്‍ത്താന്‍ അര്‍ഹതയുണ്ടൊണ് കത്തില്‍ ധനവകുപ്പ് അവകാശപ്പെട്ടിരിക്കുന്നത്.

Advertisement