ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പ്രകോപനപരമായ അഭിപ്രായപ്രകടനം നടത്തി എന്നാരോപിച്ച് സാമൂഹ്യപ്രവര്‍ത്തക അരുന്ധതി റോയിക്കും ഹുറിയത് തീവ്രപക്ഷ നേതാവായ സയ്ദ് അലിഷാ ഗിലാനിക്കുമെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ നീക്കം. ഇരുവര്‍ക്കുമെതിരേ കേസെടുക്കാന്‍ ദല്‍ഹിപോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

അതിനിടെ ഇരുവര്‍ക്കുമെതിരേ കേസുമായി മുന്നോട്ടുപോകാന്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്രിമിനല്‍ ഭേദഗതിച്ചട്ടത്തിന്റെ 124 ാം സെക്ഷന്‍ അനുസരിച്ചാണ് അരുന്ധതിക്കും ഗിലാനിക്കുമെതിരേ കേസെടുക്കാന്‍ നീക്കം.

ന്യൂദല്‍ഹിയില്‍ നടന്ന ഒരു സെമിനാറിനിടെയാണ് അരുന്ധതി റോയ് കശ്മീരിനെക്കുറിച്ച് വിവാദമായ പ്രസതാവന നടത്തിയത്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന വാദത്തെ റോയ് എതിര്‍ക്കുകയായിരുന്നു. ചരിത്രരേഖകള്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന വാദത്തെ ഖണ്ഡിക്കുന്നതാണെന്നും സ്വാതന്ത്യത്തിനുശേഷം ദല്‍ഹി ‘അധികാര കോളനിവല്‍ക്കരണം’ നടത്തുകയാണെന്നുമായിരുന്നു റോയ് പറഞ്ഞത്.