ചെന്നൈ: ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികൂടി. ലിംഗപരമായ വിവേചനത്തിനെതിരെ പൊരുതാനായി ട്രാന്‍സ്‌ജെന്റേഴ്‌സാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാനൊരുങ്ങുന്നത്. ഇത്തരത്തിലുള്ള ലോകത്തിലെ തന്നെ ആദ്യത്തെ പാര്‍ട്ടിയാണിത്.

ടെലിവിഷന്‍ അവതാരക എന്ന നിലയില്‍ പ്രശസ്തയായ റോസ് വെങ്കിടേശാണ് പുതിയ പാര്‍ട്ടിയുടെ തലപ്പത്തുണ്ടാവുക. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയതും റോസ് തന്നെയാണ്. ‘ ഈ പാര്‍ട്ടിയെ സെക്ഷ്വല്‍ ലിബറേഷന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.’ റോസ് പറഞ്ഞു.

‘ ഇത് ട്രാന്‍സ്‌ജെന്റേഴ്‌സിന് വേണ്ടി മാത്രമല്ല. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിനാളുകളുടെ ലൈംഗിക വിമോചനത്തിനുവേണ്ടിയാണ് ഇത് രൂപീകരിച്ചിട്ടുള്ളത്’ റോസ് വ്യക്തമാക്കി.

ജാതിമതങ്ങള്‍ മനുഷ്യരുടെ അവകാശങ്ങള്‍ ഹനിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ റോസ് സ്‌നേഹവും ലൈംഗികതയും ആസ്വദിക്കുകയെന്നത് മനുഷ്യസഹജമാണെന്നും പറഞ്ഞു. എന്നാല്‍ ജാതിയുടെയും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ഇത്തരം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും വ്യക്തികളെ വിലക്കിയിരിക്കുകയാണ്. അവര്‍ ഇതിനെ പ്രകൃതിവിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ മനുഷ്യരോട് അവരുടെ വികാരങ്ങള്‍ അടക്കിവയ്ക്കാന്‍ പറയുന്നതാണ് പ്രകൃതിവിരുദ്ധമെന്നും റോസ് പറഞ്ഞു.

‘മതത്തിന്റെയും ജാതിയുടെയും കാര്യത്തില്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഞാന്‍ അംഗീകരിക്കുന്നു. അതുപോലെ എന്റെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ അവരും എന്നെ അനുവദിക്കണം.’ റോസ് വ്യക്തമാക്കി.

വിവാഹമെന്നത് തകര്‍ന്ന സമ്പ്രദായമാണ്. സ്ത്രീകള്‍ ഈ സാമ്പ്രദായിക രീതിയില്‍ നിന്നും മോചനം നേടണമെന്നും റോസ് ആവശ്യപ്പെട്ടു. തന്റെ അതേ രീതിയില്‍ ചിന്തിക്കുന്ന  ആളുകളെ ഉള്‍പ്പെടുത്തി ഒരു ജനറല്‍ കൗണ്‍സിലിംഗ് യോഗം ചേര്‍ന്നശേഷം പാര്‍ട്ടി രൂപീകരിക്കാനാണ് റോസിന്റെ തീരുമാനം. ഇപ്പോള്‍ പാര്‍ട്ടിയുടെ ഭരണഘടനയും തത്വങ്ങളും തയ്യാറാക്കുന്ന തിരക്കിലാണ് റോസ്.

Malayalam news

Kerala news in English