വാഷിംഗ്ടണ്‍: യു.എസ് മിലിറ്ററിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ സേവനം നിരോധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തിന്റെ പരാജയത്തിന് കാരണമാകുന്ന യാതൊരു പിഴവും ഉണ്ടാകാന്‍ പാടില്ലെന്നു പറഞ്ഞാണ് ട്രംപിന്റെ വിവാദ നീക്കം. ഇതോടെ ഇല്ലാതായത് ഒബാമയുടെ കാലത്തെടുത്ത തീരുമാനമാണ്.

സൈനിക മേധാവികളോടും ഉപദേഷ്ടാക്കളോടും ചര്‍ച്ച ചെയ്തതിനു പിന്നാലെയാണ് താന്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നും ട്രംപ് പറയുന്നു. സൈന്യത്തിന്റെ ഒരു മേഖലയിലും ട്രാന്‍സ്‌ജെന്ററുകളുടെ സേവനം ആവശ്യമില്ലെന്നാണ് യോഗത്തില്‍ തീരുമാനിച്ചതെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

വിജയം മാത്രമാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന ബാധ്യത താങ്ങാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ സൈന്യത്തില്‍ ചേര്‍ക്കില്ലെന്നുമാണ് ട്രംപ് നല്‍കുന്ന വിശദീകരണം.


Also Read:  ‘ഈ ജഡ്ഡുവിന്റെ ഒരു കാര്യം’; താരങ്ങളേയും പരിശീലകരേയും അമ്പരപ്പിച്ച് ജഡേജയുടെ മിമിക്രി; ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് ഡ്രസ്സിംഗ് റൂം,വീഡിയോ കാണാം


ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ അമേരിക്കയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. പബ്ലിക് റെസ്റ്റ് റൂമുകളും മറ്റും ഉപയോഗിക്കുന്നതിനടക്കം ഇവര്‍ക്ക് വിലക്കുണ്ട്. ട്രാന്‍സ്‌ജെന്റേഴ്‌സിന് അനുകൂലമായി ഒബാമ സര്‍ക്കാര്‍ എടുത്ത പല നീക്കങ്ങളും ട്രംപ് അധികാരത്തിലെത്തിയതോടെ പിന്‍വലിച്ചിരുന്നു.

ഇതിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പെന്റഗണിലേക്കുള്ള ട്രാന്‍സ്‌ജെന്റേഴ്‌സായ സൈനികരുടെ റിക്രൂട്ട്‌മെന്റ് അകാരണമായി വൈകിപ്പിച്ചതും വിവാദമായിരുന്നു. സ്‌കൂളുകളിലും മറ്റും പൊതു ശുചിമുറി ഉപയോഗിക്കാന്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെ അനുവദിക്കണമെന്ന ഒബാമയുടെ കാലത്തെ നിയമവും പിന്‍വലിച്ചിരുന്നു.