ചെന്നൈ: മുഖ്യമന്ത്രി എം കരുണാനിധിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ഹിജഡയും ടിവി അവതാരികയുമായ റോസ്. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെയുടെ സ്ഥാനാര്‍ത്ഥിയായാവും റോസ് മത്സരിക്കുക.

തനിക്ക് പിന്നില്‍ ഉറച്ച വോട്ട് ബാങ്കുണ്ടെന്നും മത്സരിപ്പിച്ചാല്‍ ജയം ഉറപ്പാണെന്നും അത് വിജയകാന്തിനും ജയലതികയ്ക്കും നേട്ടമാകുമെന്നുമാണ് റോസ് പറയുന്നത്. തനിക്ക് തമിഴ് നാട്ടിലെ കരൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനാഗ്രഹമുണ്ടെന്ന് കാണിച്ച് റോസ് വിജയകാന്തിന് കത്ത് നല്‍കിയിരിക്കുകയാണ്.

മൂന്നാം ലിംഗക്കാരും സ്വവര്‍ഗാനുരാഗികളും സമൂഹത്തില്‍ നിന്നും അടിച്ചമര്‍ത്തല്‍ നേരിടുകയായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ സംഘടിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ 75 ലക്ഷത്തോളം പേരാണ് തമിഴ് നാട്ടിലുള്ളത്. മൂന്നാം ലിംഗക്കാര്‍ മാത്രം രണ്ട് ലക്ഷം പേരുണ്ട്. ഇതൊരു വലിയ വോട്ടുബാങ്കാണ്- റോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിജയകാന്ത് സമ്മതിക്കുകയാണെങ്കില്‍ കരുണാനിധിയുടെ മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാനും താന്‍ തയ്യാറാണ്. തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ട്. താന്‍ ഇന്ത്യന്‍ പൗരത്വമുള്ളയാളാണെന്നും റോസ് വ്യക്തമാക്കി.

ഇന്ത്യയില്‍ ആദ്യമായി ടിവി അവതാരകയായ ഹിജഡയാണ് റോസ്. വിജയ് ടിവിയില്‍ വരുന്ന ഇപ്പടിക്ക് റോസ് എന്ന പരിപാടിയാണ് റോസ് അവതരിപ്പിക്കുന്നത്. ചെന്നൈയില്‍ ജനിച്ച്, സത്യഭാമ കൊളേജില്‍ നിന്ന് ബിഇ പഠിച്ച റോസ് അമേരിക്കയില്‍ പോയി എംഎസ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ചെന്നൈയില്‍ ലയോള കൊളേജില്‍ നിന്ന് വിസ്‌കോം ബിരുദവും റോസ് നേടിയിട്ടുണ്ട്.

കുറച്ചുനാള്‍ മുമ്പ് നര്‍ത്തകിയും നടിയുമായ ഹിജഡ കല്‍ക്കി മത്സരിക്കാന്‍ തല്‍പര്യമുണ്ടെന്ന് കാണിച്ച് കരുണാനിധിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇവര്‍ കരുണാനിധിയുടെ മറുപടിയും കാത്തിരിക്കുമ്പോഴാണ് റോസും രംഗത്തെത്തിയിരിക്കുന്നത്.