എഡിറ്റര്‍
എഡിറ്റര്‍
വിജിലന്‍സ് ജഡ്ജി പി.കെ ഹനീഫയെ സ്ഥലം മാറ്റി
എഡിറ്റര്‍
Monday 9th April 2012 11:40am

തിരുവനന്തപുരം: തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫയെ സ്ഥലം മാറ്റി. മഞ്ചേരി ജില്ലാ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ടത് പി.കെ.ഹനീഫയായിരുന്നു.

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ജഡ്ജിമാരെ സ്ഥലം മാറ്റുന്നത്. എന്നാല്‍ ഈ കീഴ്‌വഴക്കം ലംഘിച്ചാണ് ഹനീഫയെ സ്ഥലം മാറ്റിയിരിക്കുന്നത്.

പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ ഉത്തരവിട്ടതോടെയാണ് പി.കെ ഹനീഫ ഏറെ ശ്രദ്ധനേടിയത്.  പിന്നീട് കേസ് പരിഗണിക്കുന്നതില്‍ നിന്നും അദ്ദേഹം പിന്മാറിയതും വാര്‍ത്തയായിരുന്നു. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പേരില്‍ തനിക്കെതിരെ വ്യക്തിപരമായ ആക്രമണം നേരിടേണ്ടി വന്നതിനാലാണ് പിന്മാറുന്നതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് പാമോലിന്‍ കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ടൈറ്റാനിയം അഴിമതിക്കേസില്‍ വാദം കേള്‍ക്കുന്നതും പി.കെ.ഹനീഫയായിരുന്നു. കേസില്‍ ജൂണ്‍ 15നകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പി.കെ.ഹനീഫ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു.

Advertisement