എഡിറ്റര്‍
എഡിറ്റര്‍
സെന്‍കുമാര്‍ എത്തും മുന്‍പേ പൊലീസില്‍ കൂട്ടസ്ഥലംമാറ്റം; നൂറോളം ഡി.വൈ.എസ്.പിമാരെ മാറ്റി ; തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചു
എഡിറ്റര്‍
Friday 5th May 2017 2:04pm

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില് സംസ്ഥാന പൊലീസ് മേധാവിയായി ടി.പി സെന്‍കുമാര്‍ എത്തുംമുന്‍പേ പൊലീസില്‍ കൂട്ടസ്ഥലംമാറ്റം. നൂറോളം ഡി.വൈ.എസ്.പിമാരെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉന്നത തല യോഗത്തിന് ശേഷമായിരുന്നു തീരുമാനം.

ഇതിന് പുറമെ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ വീണ്ടും പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായിരുന്ന അനില്‍ കാന്തിനെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് മാറ്റിയാണ് തച്ചങ്കരിയുടെ നിയമനം. പൊലീസിന്റെ ദൈനംദിന ഭരണത്തില്‍ ഇടപെടാന്‍ കഴിയുന്ന തസ്തികയാണിത്.

പൊലീസിലെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഡി.ജി.പിയാണ്. ഇത് സംബന്ധിച്ച് സര്‍ക്കാരുമായി യഥാസമയം ആശയവിനിമയം നടത്തേണ്ടതുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ആശയവിനിമയം കാര്യക്ഷമമായില്ലെങ്കില്‍ പ്രതിസന്ധിയിലാകുക സര്‍ക്കാരായിരിക്കും. ഈ സാഹചര്യത്തിലാണ് പൊലീസ് ആസ്ഥാനത്ത് സര്‍ക്കാരിന്റെ വിശ്വസ്തനായ ടോമിന്‍ തച്ചങ്കരിയെ നിയമിക്കുന്നത്.

പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ അധികചുമതലയും നല്‍കിയിട്ടുണ്ട്. എറണാകുളം റേഞ്ച് ഐ.ജി പി വിജയന് കോസ്റ്റല്‍ പൊലീസ് ഐജിയുടെ അധികചുമതലയും നല്‍കി.

Advertisement