Categories

തിരുവനന്തപുരത്ത് ട്രാക്കില്‍ മണ്ണിടിച്ചില്‍: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

train11

തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം റെയില്‍വേട്രാക്കിലേക്ക് മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വലിയശാലയിലും കൊച്ചുവേളിയിലുമാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.

പുലര്‍ച്ചെ 4.30ഓടെയാണ് ട്രാക്കില്‍ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെത്തുടര്‍ന്നും ട്രാക്കുകള്‍       വെള്ളത്തിനടിയിലായതിനെത്തുടര്‍ന്നും തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ അനിശ്ചിതമായി വൈകുകയാണ്.

തിരുവനന്തപുരത്ത് നിന്നുള്ള വേണാട്, ജനശതാബ്ദി എന്നീ ട്രെയിനുകള്‍ക്ക് പുറമേ കൊല്ലം-തിരുവനന്തപുരം, നാഗര്‍കോവില്‍-കൊച്ചുവേളി, കൊച്ചുവേളി-നാഗര്‍കോവില്‍ എന്നീ പാസഞ്ചറുകളും റദ്ദാക്കി.

ഗുരുവായൂരിലേക്കുള്ള ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസും തിരുവനന്തപുരത്ത് പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരത്തേക്കുള്ള എല്ലാ ട്രെയിനുകളും വൈകുമെന്നും റെയില്‍വേ അറിയിച്ചു.

ശബരി എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകുമെന്നും കേരള എക്‌സ്പ്രസ് ഉച്ചക്ക് 1.15 ന് കൊച്ചുവേളിയില്‍ നിന്ന്   പുറപ്പെടുമെന്നും റെയില്‍വേ അറിയിച്ചു. ട്രാക്കിലെ മണ്ണുനീക്കല്‍പ്രവര്‍ത്തനം  പുരോഗമിക്കുകയാണ്. മണ്ണുനീക്കല്‍പ്രവര്‍ത്തനം പൂര്‍ത്തിയായാതിനുശേഷം മാത്രമേ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കൂ.

അതേസമയം നഗരസഭയുടെ അനാസ്ഥയാണ് ട്രാക്കില്‍ വെള്ളം കയറാന്‍ കാരണമെന്ന് റെയില്‍വെ ആരോപിച്ചു.
വെള്ളം മാറ്റേണ്ട ഉത്തരവാദിത്വം നഗരസഭക്കാണെന്നും റെയില്‍വേ പറഞ്ഞു.

എന്നാല്‍ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് മേയര്‍ തിരിച്ചടിച്ചു. തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.