എഡിറ്റര്‍
എഡിറ്റര്‍
ട്രെയിന്‍ യാത്രാനിരക്കില്‍ ഇരട്ടിയിലധികം വര്‍ധന
എഡിറ്റര്‍
Saturday 12th January 2013 4:12pm

ന്യൂദല്‍ഹി: ട്രെയിന്‍ യാത്രാനിരക്കില്‍ ഇരട്ടിയിലധികം വര്‍ധന. ഹൃസ്വദൂരയാത്രക്കാരെയാണ് വര്‍ധന കൂടുതല്‍ ബാധിക്കുക. ഇവര്‍ ഇരട്ടിയിലധികം ചാര്‍ജ് നല്‍കേണ്ടിവരും. അപ്രഖ്യാപിതമായി ചാര്‍ജ് കൂട്ടിയത് യാത്രക്കാരെ വെട്ടിലാക്കുമെന്നതില്‍ സംശയമില്ല.

Ads By Google

എ.സി ചെയര്‍ കാറിലെ മിനിമം നിരക്ക് 125ല്‍ ല്‍ നിന്ന് 175രൂപയാക്കി. എസി ത്രീ ടയറില്‍ 155 ല്‍ നിന്ന് 380 രൂപയാകും. ഇതുകൂടാതെ കിലോമീറ്റര്‍ ചാര്‍ജിലും വര്‍ധിച്ച നിരക്ക് നല്‍കണം.

മെയില്‍, എക്‌സ്പ്രസ്, സെക്കന്റ് ക്ലാസ് മിനിമം ചാര്‍ജ് 12 ല്‍ നിന്ന് 25 ആക്കും. എന്നാല്‍ മന്ത്രി പ്രഖ്യാപിച്ച നിരക്ക് വര്‍ധനയില്‍ ഇക്കാര്യംമറച്ച് വെച്ചു എന്നാണ് വ്യക്തമാകുന്നത്.

രണ്ട് ദിവസം മുന്‍പാണ് ട്രെയിന്‍ യാത്രാ നിരക്കില്‍ 20 ശതമാനം വര്‍ധനവ് വരുത്തിയതായി റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ അറിയിച്ചത്.

പത്ത് വര്‍ഷത്തിന് ശേഷമാണ് ട്രെയിന്‍ യാത്രാനിരക്കില്‍ വര്‍ധനവുണ്ടാകുന്നത്. 12,000 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് വര്‍ധവിലൂടെ റെയില്‍വേ പ്രതീക്ഷിക്കുന്നതെന്ന് പവന്‍കുമാര്‍ ബന്‍സല്‍ പറഞ്ഞിരുന്നു.

ജനുവരി 21 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇനിവരാനിരിക്കുന്ന റെയില്‍വേ ബഡ്ജറ്റില്‍ വീണ്ടും വില വര്‍ധിപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. 2010-2011 കാലയളവില്‍ ഏകദേശം 20,000 കോടിയുടെ നഷ്ടമാണ് റെയില്‍വേക്ക് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇത് 25,000 കോടിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേ നഷ്ടത്തിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും നിരക്ക് വര്‍ധന അത്യാവശ്യമാണെന്നും നേരത്തേ റെയില്‍വേ വകുപ്പ് വ്യക്തമാക്കിയിരുന്നു. റെയില്‍വേ വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാമ്പത്തിക നടപടികള്‍ അനിവാര്യമാണെന്നും റെയില്‍വേ സഹമന്ത്രി സൂര്യപ്രകാശ് റെഡ്ഡിയും അറിയിച്ചു.

കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നെങ്കിലും റെയില്‍വേ മന്ത്രാലയത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിരക്ക് ഭാഗികമായി പിന്‍വലിച്ചിരുന്നു. റെയില്‍വേ  നിരക്ക് വര്‍ധിപ്പിച്ച തൃണമൂല്‍ മന്ത്രി ദിനേഷ് ത്രിവേദിയേയും മമത ഇതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.

തുടര്‍ന്ന് റെയില്‍വേ മന്ത്രിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് കുറഞ്ഞ ക്ലാസുകളിലെ യാത്രാനിരക്ക് വര്‍ധനവ് പിന്‍വലിക്കുകയും ഉയര്‍ന്ന ക്ലാസിലെ കൂട്ടിയ യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു.

Advertisement