Administrator
Administrator
ഒരു ട്രെയിന്‍ യാത്രക്കാരന്റെ കൈയ്യക്ഷരങ്ങള്‍
Administrator
Wednesday 27th January 2010 9:17am

യാത്രകുറിപ്പുകള്‍ / ലാല്‍ അത്തോളി

”യാത്രിയാം കി ധ്യാന്‍ ദീജിയെ. ഗാഢി നമ്പര്‍ 2655 അഹമ്മദാബാദ് സെ ചെന്നൈ തക് ജാനെവാലി നവജീവന്‍ എക്‌സ്പ്രസ്സ് പ്ലാറ്റ്‌ഫൊം നമ്പര്‍ ദോ പര്‍ ആയിയേ”.
ഇന്ത്യയില്‍ ഏറ്റവും ചിലവുകുറഞ്ഞ യാത്രാമാര്‍ഗമാണു ട്രെയിന്‍ യാത്ര. അതുകൊണ്ടു തന്നെ അധികം ആളുകളും ദീര്‍ഘദൂരയാത്രക്ക് ട്രെയിനിനെ ആശ്രയിക്കുന്നു. ഞാനും. സ്ലീപ്പര്‍ ക്ലാസിലാണു യാത്ര. ട്രെയിനില്‍ നല്ല തിരക്കുണ്ട്. വഡോദര(പഴയ ബറോഡ) സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ മെല്ലെ നീങ്ങി തുടങ്ങി. ചായ് ചായ് വിളി ശബ്ദം കുറഞ്ഞു കേള്‍ക്കാതായി.

ട്രെയിന്‍ സൂറത്ത് എത്താറായി. റെയില്‍വെയും കോളനികളും തമ്മില്‍ ഇണപിരിയാത്ത ബന്ധമുണ്ട്. എവിടെ പ്രധാനപെട്ട റെയില്‍വെ സ്‌റ്റേഷനുണ്ടൊ അവിടെ കോളനികളും ഉണ്ട്. സൂറത്ത് റെയില്‍വെ സ്‌റ്റേഷനടുത്തും അതേപോലെ ഒരു കോളനിയുണ്ട്. അങ്ങേയറ്റം മലിനമായികിടക്കുന്ന പരിസരം. ഒന്നിനോടൊന്നു ചേര്‍ന്നുനില്‍ക്കുന്ന വീടുകള്‍ . ചില സാംക്രമിക രോഗങ്ങളുടെ തുടര്‍ച്ച ഇവിടുന്നാവാം.

അടുത്ത സ്‌റ്റേഷന്‍ ലക്ഷ്യമാക്കി ട്രെയിന്‍ മുന്നോട്ടു നീങ്ങി. ട്രെയിനിനു ചെറിയൊരാട്ടമുണ്ട്. കാല്‍പനികതയുള്ളവര്‍ക്കു അത് ട്രെയിനിന്റെ താരാട്ടാണ്. സംശയാലുക്കള്‍ക്ക് അപകടമുന്നറിയിപ്പും. ഇടക്ക് ട്രെയിന്‍ നിര്‍ത്തി. ക്രോസിങ്ങിനു വേണ്ടി നിര്‍ത്തിയതാണ്. കുറച്ചകലെ ‘കന്നാസും കടലാസും’ ചപ്പുചവറുകള്‍ പെറുക്കുന്നുണ്ട്. ഇവരില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ റെയില്‍വെ ഒരു മാലിന്യകൂമ്പാരമായി മാറിയേനെ.

ഉച്ചയാവാറായി. നല്ല ചൂടുണ്ട്. തണുത്ത വല്ല ജ്യൂസും കുടിക്കാം എന്നുകരുതി കേറ്റെറിംഗ് ബോയിയെ സമീപിച്ചപ്പോളാണ് അറിഞ്ഞത്. കൊക്കകോളയും പെപ്‌സിയും അടക്കമുള്ള ആഗോളകുത്തകകള്‍ ഇന്ത്യന്‍ റെയില്‍വെയെയും ഹൈജാക്ക് ചെയ്തിരിക്കുന്നു. ട്രെയിനില്‍ അവരുടെ പാനീയങ്ങള്‍ മാത്രം. ഇന്ത്യന്‍ നിര്‍മ്മിത പാനീയങ്ങള്‍ നിയമപരമായി വിലക്കിയിരിക്കുന്നു. ”സ്വദേശി മൂര്‍ദാബാദ് വിദേശി സിന്ദാബാദ്” റെയില്‍വെയുടെ സ്ലോഗനായി മാറിയിരിക്കുന്നു.

ഒരുകുട്ടി ട്രെയിനിനകം വൃത്തിയാക്കികൊണ്ടിരിക്കുന്നു. ഓരോ ബേയും വൃത്തിയാക്കി അവന്‍ യാത്രക്കാരുടെ മുന്‍പില്‍ കൈനീട്ടുന്നു. ഒരുരൂപ, രണ്ടുരൂപ, ചീത്തവിളി എന്നിവ അവന് പ്രതിഫലമായി ലഭിക്കുന്നുണ്ട്. ഈജോലി ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വെ ശമ്പളം കൊടുക്കുന്ന ആളുകളുണ്ട്. അവര്‍ എവിടെയാണാവോ?

ദീര്‍ഘദൂര യാത്രക്കിടെ ടോയ്‌ലറ്റ് ഉപയോഗിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ബക്കെറ്റ്, മഗ്ഗ് തുടങ്ങി ആവശ്യത്തിനുള്ള ഒന്നും തന്നെ അതിലില്ല. പല ഭാഷയിലുള്ള ചുവരെഴുത്തുണ്ട്. അശ്ലീല സാഹിത്യം. ഭാഷ മനസിലാകാത്തവര്‍ക്കായി സാര്‍വ്വദേശീയ ഭാഷയായ ചിത്രങ്ങളും ഉണ്ട്. മുന്‍പുസഞ്ചരിച്ച എതോ യാത്രക്കാരുടെ നേരമ്പോക്കായിരിക്കും. മൊത്തത്തില്‍ വളരെ ദയനീയമാണ് ട്രെയിനിലെ ടൊയ്‌ലറ്റ്.

രാത്രിയാവാറായി പാളത്തിനിരുവശവുമുള്ള വീടുകളിലെല്ലാം ലൈറ്റ് ഓഫായി തുടങ്ങി. യാത്രക്കാര്‍ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായി. എന്റെ കമ്പാര്‍ട്ട്‌മെന്റില്‍ ഒരുപാട് വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാരുണ്ട്. റിസര്‍വേഷന്‍ ക്യാന്‍സലേഷന്‍ ഉള്ളതുകൊണ്ട് ടിക്കറ്റ് എക്‌സാമിനെറെ കണ്ടാല്‍ ബെര്‍ത്ത് കിട്ടും എന്നു കരുതി വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാര്‍ ടിക്കറ്റ് എക്‌സാമിനെറെ തേടി പോയി. കുറച്ചുകഴിഞ്ഞപ്പൊല്‍ അല്‍പം രോഷത്തൊടെ ”നാന്‍ ലഞ്ചം കൊടുക്കമാട്ടേന്‍(ഞാന്‍ കൈക്കൂലി കൊടുക്കില്ല)” എന്നു പിറുപിറുത്തുകൊണ്ട് ഒരപ്പൂപ്പന്‍ തിരിച്ചു വന്നു. തന്റെ ലഗ്ഗേജെടുത്ത് ഭാര്യയുടെ കൈ പിടിച്ചുകൊണ്ട് അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്കു നടന്നു. തലചായ്ക്കാന്‍ ഒരിടം കിട്ടുമെന്ന പ്രതീക്ഷയോടെ. അപ്പൂപ്പനോടു ടിക്കറ്റ് എക്‌സാമിനര്‍ എന്താണു ചോദിച്ചതെന്നറിയനുള്ള ജിജ്ഞാസകൊണ്ട് ഞാന്‍ അങ്ങോട്ടു പോയി. രണ്ട് ടിക്കറ്റ് എക്‌സാമിനര്‍മാര്‍ ഒരുമിച്ചാണ് ആ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒരു മറവും ഇല്ലാതെയാണ് കൈക്കൂലി വാങ്ങുന്നത്. ബെര്‍ത്ത് കിട്ടണമെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാര്‍ 100 രൂപയും ജനറല്‍ ക്ലാസ്സ് യാത്രക്കാര്‍ ടിക്കറ്റ് ചാര്‍ജ് കൂടാതെ 200 രൂപയും നല്‍കണം. അതുകൊണ്ടുതന്നെ ജനറല്‍ ക്ലാസ്സ് യാത്രക്കാര്‍ക്കാണ് മുന്‍ ഗണന. ദിവസങ്ങള്‍ക്ക്മുന്‍പ് ടിക്കറ്റ് റിസര്‍വ് ചെയ്ത വെയിറ്റിംഗ് ലിസ്റ്റുകാര്‍ രണ്ടാമതുമാത്രം.(കൈക്കൂലി കൊടുത്തിട്ടായാലും. )

രാവിലെ വിജയവാഢയെത്തി. ട്രെയിന്‍ കുറച്ചുനേരം ഇവിടെ നിര്‍ത്തിയിടുമെന്ന് സഹയാത്രികര്‍ പറഞ്ഞു. റെയില്‍വെ സ്‌റ്റേഷനിലെ കടകളിലെല്ലാം നല്ലതിരക്കാണ്. വിജയവാഢയിലേത് സ്വാദിഷ്ഠമായ ബ്രേക്ഫാസ്റ്റ് ആണെന്ന് ഒരണ്ണന്റെ സാക്ഷ്യപെടുത്തല്‍. കുറച്ചാളുകള്‍ ബാത്‌റൂം ക്ലീന്‍ ചെയ്യാനായി ട്രെയിനില്‍ കയറി. റെയില്‍വെ കോണ്ട്രാക്റ്റ് വര്‍ക്കേര്‍സ് ആണ്. വെള്ളം അലക്ഷ്യമായി ബാത്‌റൂമിനകത്തും പുറത്തും ശക്തിയായി അടിക്കാന്‍ തുടങ്ങി. ബെര്‍ത്ത് കിട്ടാത്ത ഒരു വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാരന്‍ നിവൃത്തിയില്ലാതെ ബാത്‌റൂമിനടുത്താണ് ഇന്നലെ രാത്രി കിടന്നത്. വെള്ളം മുഖത്തുവീണപ്പൊള്‍ ചാടി എഴുന്നേറ്റു. ചുറ്റുപാടും നോക്കി ഒന്നും സംഭവിക്കാത്തമട്ടില്‍ നടന്നു പോയി. ഒരുപാടുതവണ അദ്ദേഹം ഇന്ത്യന്‍ റെയില്‍വെയില്‍ യാത്ര ചെയ്തിട്ടുണ്ടാവണം.

അപ്പൂപ്പനും ഭാര്യയും ട്രെയിന്‍ പര്യടനം പൂര്‍ത്തിയാക്കി വീണ്ടും എന്റെ കമ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തി. രാത്രി പല കമ്പാര്‍ട്‌മെന്റിലായാണ് ഉറങ്ങിയതെന്നുപറഞ്ഞു. എന്റെ ബേയിലെ ഒഴിവുള്ള ഒരു ബെര്‍ത്തില്‍ കയറികിടന്നു.

തെന്നാലി രാമന്റെ നാടും താണ്ടി ട്രെയിന്‍ മുന്നോട്ടു പോയികൊണ്ടിരിക്കുന്നു. ഒരു പെണ്‍കുട്ടി കമ്പാര്‍ട്‌മെന്റിനകത്തു കടല വില്‍ക്കുന്നുണ്ട്. ടിക്കറ്റ് എക്‌സാമിനര്‍ അവളെ അടുത്തുവിളിച്ച് ഒരു പൊതി കടല വാങ്ങി. കാഷിനുവേണ്ടി അവള്‍ കൈ നീട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവം മാറി. അവള്‍ പെട്ടെന്നു അവിടെ നിന്നും ഓടിപോയി. ഇന്നലെ രാത്രി ബെര്‍ത്ത് ആവശ്യപെട്ട ഒരോ യാത്രക്കാരന്റെയും കയ്യില്‍ നിന്നും 100ഉം 200ഉം വാങ്ങിച്ചതിനു ശേഷമാണ് ട്രെയിന്‍ വാണിഭകാരിയോട് അദ്ദേഹത്തിന്റെ രണ്ടു രൂപയുടെ ‘ഓസ്’ എന്നോര്‍ക്കുമ്പോള്‍ മനസില്‍ രോഷമില്ല. നിസ്സഹായത മാത്രം.

ട്രെയിന്‍ മനോഹരമായ ഒരു നെല്‍പാടത്തിനെ കീറിമുറിച്ചുകൊണ്ട് മുന്നോട്ടുനീങ്ങി. നോക്കത്താദൂരത്തോളം പച്ചപ്പാണ്. ഇതിലും മനോഹരമായ കാഴ്ച ഭൂമിയില്‍ വേറെ ഇല്ല. യാത്രക്കാര്‍ ട്രെയിനില്‍ നിന്നും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ചപ്പുചവറുകളും മാത്രമാണു ഈ അതിമനോഹരിയുടെ കളങ്കം.

പുതിയ എക്‌സാമിനര്‍ ചാര്‍ജെടുത്തു. പക്ഷെ രൂപം മാത്രം, കാഴ്ച്ചപാട് ഒന്നുതന്നെ. ചിരല സ്‌റ്റേഷനില്‍ നിന്നും ഒരു വിദേശ വനിത കയറി. സീറ്റിനുവേണ്ടി ടിക്കറ്റ് എക്‌സാമിനെറെ സമീപിച്ചു. ടിക്കറ്റ് എക്‌സാമിനര്‍ വന്ന് എന്റെ സീറ്റിനു മുന്‍പില്‍ കിടന്നുറങ്ങുകയായിരുന്ന അപ്പൂപ്പനെ വിളിച്ചെഴുന്നെല്‍പിച്ച് ജര്‍മ്മന്‍കാരിക്കു ആ സീറ്റ് കൊടുത്തു. ആ സ്ത്രീ വളരെ മാന്യതയോടെ ടിക്കറ്റ് എക്‌സാമിനറോടു ചോദിച്ചു.
”Then for him’
ടിക്കറ്റ് എക്‌സാമിനര്‍ വളരെ നിസ്സാരമായി മറുപടി പറഞ്ഞു.
”He is in waiting list”
ട്രെയിനിന്റെ ആരംഭം മുതല്‍ അവസാനം വരെ യാത്രചെയ്യുന്ന ആ മനുഷ്യന്‍ വെയിറ്റിംഗ് ലിസ്റ്റില്‍ തന്നെ. തൊട്ടുമുന്‍പിലെ സ്‌റ്റേഷനില്‍ നിന്നും കയറിയ സ്ത്രീ കണ്‍ഫര്‍മഡ് ലിസ്റ്റിലും. ടിക്കറ്റ് എക്‌സാമിനറുടെ മായാജാലം. ഞാന്‍ അപ്പൂപ്പന്റെ മുഖത്തേക്കുനോക്കി. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ എന്തോപറയാന്‍ കൊതിക്കുന്നുണ്ട്. പക്ഷെ ഒന്നും പറഞ്ഞില്ല. നാഥനില്ലാത്ത കളരിയില്‍ എന്തുപറയാന്‍ എന്നദ്ദേഹം കരുതിക്കാണും. പണമാണോ വിദേശ സ്‌നേഹമാണോ ടിക്കറ്റ് എക്‌സാമിനറുടെ പ്രേരണ എന്നറിയില്ല. അമിതമായ വിദേശ സ്‌നേഹം ഒരിക്കല്‍ നമ്മുടെ സ്വതന്ത്ര്യം നഷ്ട്ടപെടുത്തിയിരുന്നു.

ചെറിയ ഒരു സ്‌റ്റേഷനു മുന്‍പിലൂടെ ട്രെയിന്‍ കടന്നുപോയി. സ്‌റ്റേഷന്‍ മാസ്റ്റര്‍ സിഗ്നല്‍ കൊടുക്കാന്‍ നില്‍ക്കുന്നുണ്ട്. ഇടതുകയ്യിലും വലതുകയ്യിലും പച്ചയും ചുവപ്പും കൊടികള്‍ ഉണ്ട്. രണ്ടും ചുരുട്ടി വെച്ച് താഴേക്ക് തൂക്കിയിട്ടിരിക്കുന്നു. അദ്ദേഹം ഏതുകൊടിയാണ് കാണിക്കുന്നതെന്നു ഒരു ജ്യോതിഷിയ്ക്ക് പോലും പറയാന്‍ സാധിക്കില്ല. സ്‌റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകള്‍ക്കെല്ലാം കൊടികാണിച്ച് അദ്ദേഹത്തിന് മടുത്തിട്ടുണ്ടാവും.

ട്രെയിന്‍ ചെന്നൈ എത്താറായി. കമ്പാര്‍ട്ട്‌മെന്റാകെ മലിനമായിരിക്കുന്നു. ഗുജറാത്തികളുടെ പ്രിയ ഭക്ഷണമായ പാപ്പട്, മഹാരാഷ്ട്രക്കാരുടെ പാവ്ഭജി, ആന്ധ്രക്കാരുടെ കടല, തമിഴന്മാരുടെ സുണ്ടല്‍ തുടങ്ങി ട്രെയിന്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ ഭക്ഷണ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കമ്പാര്‍ട്‌മെന്റില്‍ അങ്ങിങ്ങായി കിടക്കുന്നു. ഇതിന് ഇന്ത്യന്‍ റെയില്‍വെയും ഭാഗികമായി യാത്രക്കാരും കുറ്റക്കാരാണ്. കമ്പാര്‍റ്റ്‌മെന്റില്‍ ഒരു വേസ്റ്റ് ബോക്‌സ് പോലും വെക്കാന്‍ റെയില്‍വെ തയ്യാറല്ല.
ചെന്നൈയില്‍ ഇറങ്ങി യാത്ര തുടരുമ്പോള്‍ റെയില്‍വെയെ കുറിച്ച് മനസില്‍ ഇത്രമാത്രം.
”ഇന്ത്യന്‍ റെയില്‍വെയില്‍ തിളക്കം അതിന്റെ പാളങ്ങള്‍ക്കു മാത്രം”.

Advertisement