ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ഇന്ത്യ-ടിബറ്റന്‍ അതിര്‍ത്തി പോലീസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനായി തീവണ്ടിക്കു മുകളില്‍ യാത്ര ചെയ്ത് മേല്‍പ്പാലത്തില്‍ തട്ടി മരിച്ചവരുടെ എണ്ണം 18 ആയി. നൂറുകണക്കിന് ആളുകളാണ് ട്രയിനിനുമുകളിലുണ്ടായിരുന്നത്. തീവണ്ടി മേല്‍പ്പാലത്തിനടിയില്‍ എത്തിയപ്പോള്‍ താഴേക്ക് ചാടിയും മുകളില്‍ കിടന്നും ചിലര്‍ രക്ഷപ്പെട്ടിട്ടുണ്ട്.

ബറേലിയില്‍ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ഹിമഗിരി എക്‌സ്പ്രസ് ഷാജഹാന്‍പൂര്‍ സ്റ്റേഷനടുത്തെത്തിയപ്പോഴാണ് സംഭവം. ഇന്ത്യടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ ബറേലി സെന്ററില്‍ ചൊവ്വാഴ്ച നടന്ന റിക്രൂട്ട്‌മെന്റ് പരീക്ഷയ്‌ക്കെത്തിയ യുവാക്കളാണ് മരിച്ചത്. 416 ഒഴിവിലേക്ക് നടത്തിയ പരീക്ഷയ്ക്ക് ഒന്നര ലക്ഷത്തിലധികം പേര്‍ എത്തിയിരുന്നു.

സംഭവത്തെത്തുടര്‍ന്ന് യുവാക്കള്‍ അക്രമാസക്തരായി തീവണ്ടിയുടെ ബോഗിക്കു തീവെക്കുകയും നിരവധി ബസുകള്‍ തകര്‍ക്കുകയും ചെയ്തു.