ചെന്നൈ: ചെന്നൈക്കടുത്ത് ആരക്കോണത്ത് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച് അപകടത്തില്‍ പതിനഞ്ച് പേര്‍ മരിച്ചതായാണ് കണക്കാക്കപ്പെടുന്നത് .

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള ആരക്കോണം സര്‍ക്കാര്‍ ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആസ്പത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ കനത്ത മഴയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. സിഗ്നല്‍ കാത്ത് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മറ്റൊരു പാസഞ്ചര്‍ ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു.

ചെന്നൈ ബീച്ച്‌വെല്ലൂര്‍ ലോക്കല്‍ ട്രെയിനാണ്‌സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ആരക്കോണം- കാട്പാടി പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് ബോഗികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ആരക്കോണത്തിനും ചിറ്റേരിയ്ക്കും ഇടിയിലാണ് അപകടമുണ്ടായത്.

അപകടത്തെതുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍ വഴിയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: 044 – 25357390, 044 – 25347771, 09244919572