മുംബൈ: കൊങ്കണ്‍പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുള്ള ട്രെയിന്‍ ഗതാഗത തടസ്സം തുടരുന്നു. ഇതേതുടര്‍ന്ന് ഈ വഴിയുള്ള ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.

നിസാമുദീന്‍ -തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് എട്ടു മണിക്കൂറും, നിസാമുദീന്‍ എറണാകുളം മംഗള എക്‌സപ്രസ് രണ്ടു മണിക്കൂറും വൈകിയോടുന്നു. തിരുവനന്തപുരത്തു നിന്നു രാവിലെ 9.50നു പുറപ്പെടേണ്ട ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് വൈകിട്ടു നാലു മണിക്കേ പുറപ്പെടുകയുള്ളു.

ഇന്നലെ കുര്‍ളയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നമ്പര്‍ 16345 നമ്പര്‍ ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസും, ട്രെയിന്‍ നമ്പര്‍ 10216 എറണാകുളം മഡ്ഗാവ് എക്‌സ്പ്രസും റദ്ദാക്കിയിരുന്നു.

ട്രെയിന്‍ ഗതാഗതം സാധാരണ ഗതിയിലാകാന്‍ മൂന്നു ദിവസമെങ്കിലും എടുക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. രത്‌നഗിരി അഡാവലി സ്‌റ്റേഷനുകള്‍ക്കിടെ പൂമണ്ഡിയില്‍ കൂറ്റന്‍ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണതാണു ഗതാഗത തടസത്തിനു കാരണം. കനത്ത മഴ തുടരുന്നതിനാല്‍ മണ്ണ് നീക്കല്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലാണ്.