ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ തീവണ്ടിയും ബസ്സും കൂട്ടിമുട്ടി 33 പേര്‍ മരിച്ചു. 40ഓളം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില കാന്‍ഷി റാം നഗറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട്മണിയോടെയാണ് അപകടം നടന്നത്.

വിവാഹസംഘവുമായി പോകുകയായിരുന്ന ബസ് കാന്‍ഷി റാമിലെ ഒരു റെയില്‍വേ ഗെയിറ്റില്‍ വച്ച് തീവണ്ടിയുമായി ഇടിക്കുകയായിരുന്നു. മധുരയില്‍ നിന്നും ചാപ്രയിലേക്ക് പോകുകയായിരുന്ന ചാപ്ര-മധുര എക്‌സ്പ്രസാണ് ബസില്‍ ഇടിച്ചത്.

ബസില്‍ 70ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. വിവാഹപാര്‍ട്ടി കഴിഞ്ഞുവരികയായിരുന്നു സംഘം.

സംഭവത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംങ് അഗാധ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000രൂപയും പരിക്കേറ്റവര്‍ക്ക് 10,000രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സംഭത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വെ സുരക്ഷാ കമ്മീഷണരോട് പ്രധാനമന്ത്രി ഉത്തരവിട്ടു.

ജില്ലയിലെ മുതിര്‍ന്ന അധികാരികളും പോലീസും സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.